അഹ്മദ് നഗര്‍: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ വെള്ളം കയറി മുങ്ങിയ പാലത്തിലൂടെ കാര്‍ ഓടിച്ച യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ അകോലെയിലാണ് സംഭവം. പുനെ സ്വദേശിയായ വ്യവസായി സതീഷ് ഗുലെയാണ് മുങ്ങിമരിച്ചത്. കല്‍സുബായ് മലയില്‍ ട്രക്കിങിന് പോവുകയായിരുന്നു സതീഷും സുഹൃത്തുക്കളായ ഗുരു ശേഖറും രജുര്‍കറും.കല്‍സുബായിയിലേക്കുള്ള യാത്രക്കിടെ വഴിതെറ്റിയ ഇവര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ അഭയ് പര്‍മാര്‍ പറഞ്ഞു.ഇവര്‍ സഞ്ചരിച്ച വഴിയിലെ പാലം മഴക്കാലത്ത് ഡാമില്‍ നിന്നുള്ള വെള്ളംകയറി മുങ്ങിയിരുന്നു. പ്രദേശവാസികള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നതിനാല്‍ ആ വഴി പോകാറില്ല. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ ആ വഴി പോയി. ഇരുട്ടായത് കാരണം വഴി ശരിക്കും കാണാനും പറ്റിയില്ല. ഇതിനിടെ കാര്‍ ഡാമിലേക്ക് ഓടിച്ചിറക്കുകയായിരുന്നു.കാര്‍ വെള്ളത്തില്‍ വീണയുടന്‍ മൂന്ന് പേരും കാറിന്റെ ഡോര്‍ തുറന്ന് പുറത്തുവരാന്‍ ശ്രമിച്ചു. നീന്തല്‍ അറിയാതിരുന്ന സതീഷ് മുങ്ങിപ്പോയി. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്ക് നീന്തി രക്ഷപ്പെടാന്‍ കഴിഞ്ഞു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സതീഷിനെ പുറത്തെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല