ബംഗളൂരു: കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ കര്‍ണാടകയിലെ മാണ്ഡ്യയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ഷക സംഘടനകള്‍. ജില്ലാ ഉദ്യോഗസ്ഥരുടെ നിരോധന ഉത്തരവുകള്‍ അവഗണിച്ച് ഖനന പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് തുടരുന്നത് ചൂണ്ടികാട്ടിയാണ് കര്‍ഷകരുടെ ആവശ്യം.അനിയന്ത്രിതമായ സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം വായു മലിനീകരണം സൃഷ്ടിക്കുന്നുുവെന്ന് കര്‍ണാടക രാജ്യ റൈത സംഘയുടെ പ്രസിഡന്റ് കോഡിഹള്ളി ചന്ദ്രശേഖറും ആരോപിച്ചു. കൃഷ്ണരാജ സാഗര്‍ അണക്കെട്ടിന്റെ പരിസരത്തുള്ള കരിങ്കല്‍ ക്വാറികള്‍ സമ്പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. അണക്കെട്ടിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിരോധിക്കണമെന്നാണ് ആവശ്യം. ക്വാറികളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. കാവേരി നദിയിലെ ഈ അണക്കെട്ട് മാണ്ഡ്യ ജില്ലയിലെ കര്‍ഷകര്‍ക്ക് ജീവദായിനിയാണ്.മേഖലയില്‍ 80-ഓളം ക്വാറികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ശ്രീരംഗപട്ടണ, പാണ്ഡവപുര മേഖലകളിലെ രാഷ്ട്രീയക്കാരുടെ ഉടമസ്ഥതയിലുള്ളതാണ്.അതിശക്തമായ സ്‌ഫോടനം നടത്തിയാണ് ഇവയില്‍ കരിങ്കല്‍ ഖനനം ചെയ്‌തെടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് നാച്വറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിങ് സെന്റര്‍ മാണ്ഡ്യ ജില്ലാഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൃഷ്ണരാജ സാഗര്‍ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷയെ ഖന്നം ബാധിച്ചത് മനസിലാക്കിയ മുഖ്യമന്ത്രി യെദ്യൂരപ്പ ബേബി ബെറ്റയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് മറികടന്നാണ് ഇപ്പോള്‍ പ്രദേശത്ത് ഖനനം തടരുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതെന്നും കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
മാണ്ഡ്യയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക കര്‍ഷകര്‍
