മോറിസ്‌ കോയിന്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്‌ : നിരവധിപേര്‍ പരാതിയുമായി രംഗത്ത്‌

പൂക്കോട്ടുംപാടം: മോറിസ്‌ കോയിന്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പിനിരയായ നിരവധിപേര്‍ പരാതിയുമായി രംഗത്ത്‌. റിച്ച്‌ ഗ്ലോബല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ എംഡി നിഷാദ്‌ കിളിയടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുളള വീട്ടില്‍ നിക്ഷേപകര്‍ എത്തിയത്‌ ബഹളത്തിനിടയാക്കി. കാസര്‍കോട്‌, കോഴിക്കോട്‌ ,കൊണ്ടോട്ടി, വഴിക്കടവ്‌ എന്നിവിടങ്ങളില്‍ നിന്നായി 35 ഓളം പേരാണ്‌ സംഘടിച്ചെത്തിയത്‌. ഇവരില്‍ 10 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്‌. സ്വത്തുക്കള്‍ വിറ്റും പണയം വെച്ചുമാണ്‌ ഇവര്‍ പണം നിക്ഷേപിച്ചിരുന്നത്‌ .പണം നഷ്ടപ്പട്ടത്‌ കാരണം പലരും ആത്മഹത്യയുടെ വക്കിലാണെന്ന് പരാതിക്കാര്‍ പറയുന്നു.

തോട്ടക്കരയിലെ വീട്ടിലത്തിയവര്‍ ആദ്യം നിഷാദിനെ കാണണമെന്നാവശ്യപ്പെട്ടു. ചെറിയതോതില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട്‌ പോലീസെത്തി ഇവരെ പൂക്കോട്ടുംപാടം സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. അഡീഷണല്‍ എസ്‌ഐ ഒകെ വേണുവുമായി നടത്തിയ ചര്‍ച്ചയില്‍ നിരവധിപേര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ പരാതിക്കാര്‍ അതത്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ പരാതിപ്പെടണമെന്നും കേസ്‌ മലപ്പുറം ക്രൈം ബ്രാഞ്ച്‌ ആണ്‌ അന്വേഷിക്കുന്നതെന്നും വിവരങ്ങള്‍ ലഭിക്കാന്‍ അവരുമായി ബന്ധപ്പെടണമെന്നും പോലീസ്‌ പരാതിക്കാരെ ബോധ്യപ്പെടുത്തി. ഇവരില്‍ നിന്നു പ്രഥമീക വിവരങ്ങള്‍ പൂക്കോട്ടുംപാടം പോലീസ്‌ ശേഖരിച്ചു. പതിനഞ്ചോളം പേരാണ്‌ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →