“വിതിൻ സെക്കൻഡ്സ്” എന്ന ചിത്രത്തിനുവേണ്ടി അവസാന വരികൾ എഴുതി കൊടുത്ത് അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളുടെ ലോകത്തിൽ നിന്ന് യാത്രയായി..

പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. നിരവധി കവിതകളും ചലച്ചിത്രഗാനങ്ങളും ആ തൂലികയിൽ നിന്ന് അടർന്ന് വീണിട്ടുണ്ടെങ്കിലും ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ”, എന്ന ഗാനവും, ‘അറബിക്കഥ’ എന്ന ചിത്രത്തിലെ “ചോര വീണ മണ്ണിൽ നിന്നും” എന്ന ഗാനവും അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തി. കലണ്ടർ, മകൻ്റെ അച്ഛൻ, നസ്രാണി, അറബിക്കഥ , പരുന്ത്, മിന്നാമിന്നിക്കൂട്ടം, കഥ പറയുമ്പോൾ , ഭ്രമരം തുടങ്ങി ഇരുപതോളം ചലചിത്രങ്ങളുടെ ഗാനങ്ങളും, വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നിവ പ്രധാന കവിതകളുമാണ്.

ചലചിത്ര ഗാനരചനക്ക് ധാരാളം പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള അനിൽ കണ്ണൂർ കവി മണ്ഡലത്തിൻ്റെ പി ഭാസ്ക്കരൻ സ്മാരക സുവർണ്ണമുദ്ര പുരസ്ക്കാരത്തിന് അർഹനാണ്.

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനുവിൻ്റെയും ദ്രൗപതിയുടെയും മകനായി 1965 നവംബർ 20നാണ് അനിൽകുമാർ പി യു എന്ന അനിൽ പനച്ചൂരാൻ്റെ ജനനം. ബാല്യകാലം മുംബൈയിലായിരുന്നു.

അഭിഭാഷകനായി ജോലി നോക്കിയിരുന്ന അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം നങ്ങ്യാർകുളങ്ങര ടി കെ എം കോളേജ്, തിരുവനന്തപുരം, ലോ അക്കാദമി, വാറംകൽ കാകദീയ സർവ്വകലാശാല എന്നിവിടങ്ങളിലായിരുന്നു.

പഠന കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം കാട്ടിയിരുന്നെങ്കിലും പിൽക്കാലത്ത് പനച്ചൂരാൻ കടുത്ത വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്.
വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കണമെന്ന് കേരളത്തോട് വിളിച്ച് പറഞ്ഞ ആദ്യത്തെ ആൾ പനച്ചൂരാനാണ്.

1987-90 കാലഘട്ടത്തിൽ നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിൽ പഠിച്ചിരുന്ന പനച്ചൂരാൻ നീളൻ ജുബ്ബയും പാറിപ്പറക്കുന്ന മുടിയും ഇത്തിരി താടിയും വെച്ച് തോൾസഞ്ചിയിലെ കവിതാപുസ്തകത്തിന് വില രണ്ടുരൂപ എന്നും കാണുന്നവരോടെല്ലാം വാതോരാതെ വിപ്ലവം പറയുകയും ചിലപ്പോൾ തന്റെ കവിതകൾ ഉറക്കെപ്പാടുകയും ചെയ്തിരുന്നു. അന്ന് ഈ കവിയുടെ വ്യത്യസ്തത ആരും തിരിച്ചറിഞ്ഞിരുന്നില്ല .

അനിൽ പനച്ചൂരാന്റെ പല കവിതകളുടെയും പിതൃത്വം പ്രശസ്തരായ പല കവികളിലും ചാർത്തപെട്ടപ്പോഴും പരാതികളും പരിഭവവുമില്ലാതെ അനിൽ പനച്ചൂരാൻ എന്ന കവി എഴുതി കൊണ്ടേയിരുന്നു.

അറബിക്കഥയിലെ “തിരികെ വരുമെന്ന വാർത്ത കേൾക്കാനായി” എന്ന ഗാനവും, ആരാധകരുടെ മനസിൽ പോരാട്ട ചൂട് പടർത്തിയ “നേക്കുവിൻ സഖാക്കളെ” എന്ന ഗാനവും ആരാധക മനസ് കീഴടക്കിയപ്പോൾ പനച്ചൂരാൻ ഇഷ്ടപ്പെട്ടത് ‘സ്വാ.ലേ’ എന്ന ചിത്രത്തിൽ ബിജുപാൽ സംഗീതം നൽകിയ “ചെറുതിങ്കൾ തോണി, എൻ പുഞ്ചിരി പോലൊരു തോണി” എന്ന ഗാനമായിരുന്നു.

ഒരേ സമയം തന്നെ പോരാട്ട ചൂടു പടർത്തുന്ന ഗാനങ്ങളും ഗ്രഹാതുരത്വം തുളുമ്പുന്ന ഗാനങ്ങളും, പ്രണയം തുളുമ്പുന്ന വരികളോടു കൂടിയ ഗാനങ്ങളും പനച്ചൂരാന്റെ തൂലികയിൽ പിറന്നിട്ടുണ്ട്.

കൂടാതെ ഭ്രമരം എന്ന ചിത്രത്തിലെ “അണ്ണാറക്കണ്ണാ വാ” എന്ന ഗാനം കുട്ടികളുടെ മനസിൽ ഇടം നേടിയിരുന്നു. പല പാട്ടുകളിലും അരികെ എന്ന വാക്ക് ആവർത്തിച്ച് വന്നിരുന്നത് കൊണ്ട് അരികത്ത് ചേർന്ന് നിൽക്കുന്ന ഫീൽ സമ്മാനിക്കുന്നതായിരുന്നു പനച്ചുരാന്റെ വരികൾ .” എന്റമ്മേടെ ജിമിക്കിക്കമ്മൽ” എന്ന ഗാനത്തിന് വിമർശനങ്ങൾ ഏറെ കേട്ടെങ്കിലും ആ ഘട്ടങ്ങളിൽ ആ പാട്ട് തന്നെയായിരുന്നു നമുക്ക് ചുറ്റും നിറഞ്ഞ് നിന്നിരുന്നത്. “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ” എന്ന വരികളെ പോലെ തന്നെ കൃത്യമായ ഒരിടത്ത് ഒതുങ്ങി നിൽക്കാത്ത വ്യത്യസ്തനായ ഒരാൾ തന്നെയായിരുന്നു അനിൽ പനച്ചൂരാൻ .

എം എ പബ്ലിക്ക് അഡ്മിനിസ്ട്രേഷനും ,എൽ എൽ ബി ബിരുദങ്ങളും നേടിയ അദ്ദേഹം കുറെകാലത്തെ അലച്ചിലിനും സന്യാസജീവിതത്തിനും ശേഷമാണ് അഭിഭാഷകവൃത്തിയിലേക്ക് കടന്നത്. ഭാര്യ മായ , മക്കൾ മൈത്രേയി ,അരുൾ

തിങ്കളാഴ്ച കുളത്തുപ്പുഴയില്‍ ഷൂട്ടിംങ് ആരംഭിക്കുന്ന ഇന്ദ്രന്‍സ് നായകനാവുന്ന “വിത്തിന്‍ സെക്കന്‍ഡ്സ് ” എന്ന ചിത്രത്തിനു വേണ്ടിയാണ് അനില്‍ പനച്ചുരാന്‍ അവസാനമായി വരികള്‍ എഴുതി കൊടുത്തത്

ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് പോസിറ്റീവായിരുന്ന അനിൽ പനച്ചൂരാൻ 2021 ജനുവരി 3ന് തൻ്റെ അൻപത്തി അഞ്ചാം വയസിൽ ഈ ലോകത്ത് നിന്ന് യാത്രയായി. ഒരിക്കലും തിരികെ വരാത്ത യാത്ര.

Share

About നസീറ ബക്കർ

View all posts by നസീറ ബക്കർ →