ന്യൂ ഡല്‍ഹി: 24 മണിക്കൂറും തടസ്സ മില്ലാതെ വൈദ്യുതി ലഭിക്കുകയെന്നത് ഉപഭോക്താവിന്‍റെ അവകാശം ആണെന്നും, വൈദ്യുതി വിതരണം തകരാറിലായാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഉളള തരത്തില്‍ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന വിധത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുക. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ പുതിയ താരിഫ് നയത്തിലാണ് ഇത് സംബന്ധിച്ച് വൈദ്യുതി വിതരണ കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുളള ഉത്തരവാദിത്തങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ, മുന്‍കൂട്ടി അറിയിച്ചശേഷം സമയപരിധിക്കുശേഷവും വൈദ്യുതി വിതരണം പുനസ്ഥാപിക്കാതിരിക്കുകയോ ചെയ്‌താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും, നഷ്ടപരിഹാര തുക ഉപഭോക്താവിന്‍റെ അക്കൗണ്ടില്‍ ക്രെഡിറ്റാവുകയാവും ചെയ്യുക. അടുത്ത തവണ വൈദ്യുതി ബില്‍ അടക്കുമ്പോള്‍ ആ തുക കുറച്ച് അടച്ചാല്‍ മതിയാവും . ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കടക്കം 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനുളള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ പറ്റിയ സമയമാണിത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമായിരിക്കും. രാജ്യത്തെ വൈദ്യുതി വിതരണ രംഗത്തെ ഏറ്റവും വലിയ പരിഷ്‌ക്കാരമാണി തെന്ന് ഉന്നത വൃത്തങ്ങള്‍ അവകാശപ്പെട്ടു. പുതിയ ആക്ട് നടപ്പിലാകുന്നതോടെ വൈദ്യുതി വിതരണം മത്സരാധിഷ്ടിതമാവുമെന്നും ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും വൈദ്യുതി വിതരണം ഡിസ്‌കോം ഉറപ്പാക്കേണ്ടതുണ്ട്. വൈദ്യുതിയുടെ വിലനിയന്ത്രണ രീതി കൂടുതല്‍ സുതാര്യമാക്കുന്നതിനുളള ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ട്. വൈദ്യുതി നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ഏതെങ്കിലും സ്ഥലത്തിന്‍റെ ഉടമയോ തൊഴിലുടമയോ നല്‍കുന്ന അഭ്യര്‍ത്ഥന പ്രകാരം വൈദ്യുതി വിതരണം ചെയ്യേണ്ടത് ഓരോ വിതരണ ലൈസന്‍സിയുടേയും കടമയാണെന്ന് നിയമങ്ങള്‍ അനുശാസിക്കുന്നു. ഡിസ്‌കോമുകള്‍ക്കുപുറമേ മെട്രോ നഗരങ്ങളില്‍ പരമാവധി ഏഴുദിവസത്തിനുളളിലും മറ്റ് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 15 ദിവസത്തിനും ഗ്രാമ പ്രദേശങ്ങളില്‍ 30 ദിവസത്തിനും ഉളളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യേണ്ടതുണ്ട്.
മറ്ററില്ലാതെ ഒരു കണക്ഷനും നല്‍കില്ലെന്നും ഇത് സ്‌മാര്‍ട്ട് പ്രീ-പെയ്‌മെന്റ് മീറ്റര്‍ അല്ലെങ്കില്‍ പ്രീപെയ്‌മെന്റ് മീറ്റര്‍ ആയിരിക്കുമെന്നും നിയമങ്ങള്‍ അനുശാസിക്കുന്നു. ഉപഭോക്താവിന് ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ ബില്ലുകള്‍ അടയ്‌ക്കാനുളള ഓപ്‌ഷന്‍ ഉണ്ടായിരിക്കും. മുന്‍കൂട്ടി ബില്ലുകള്‍ അടക്കാനുളള വ്യവസ്ഥയും ഉണ്ടായിരിക്കും.

