പൂനെ: കരളിൽ ക്യാൻസറാണെന്നു പറഞ്ഞ് 58 കാരിയെ കബളിപ്പിച്ച് 1.47 കോടി തട്ടിയ പ്രകൃതി ചികിത്സാ ഡോക്ടർക്കെതിരെ പൂനെ പോലീസ് കേസെടുത്തു .
സുഷമ ജാദവ് എന്ന സ്ത്രീയാണ് ഡോക്ടർക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഈ കേസിലെ ആദ്യ വിവര റിപ്പോർട്ട് വെള്ളിയാഴ്ച (18/12/ 2020) പോലീസ് സമർപ്പിച്ചു.
ജാദവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വാനവ്ഡി നിവാസിയായ വിദ്യാ ധനഞ്ജയ് ഗോന്ദ്രസ് എന്ന ഡോക്ടർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെയാണ്,
2017 ൽ തന്റെ ജോലിസ്ഥലത്ത് വച്ച് ഒരു സുഹൃത്ത് മുഖേനയാണ് സുഷമ ജാദവ് ഡോ.വിദ്യാ ഗോന്ദ്രസുമായി ബന്ധപ്പെട്ടത്. അന്ന് കാൽമുട്ട് വേദനയ്ക്കാണ് സുഷമ ജാദവ് ഡോക്ടറുടെ പ്രകൃതി ചികിത്സാ ക്ലിനിക്കിൽ എത്തിയത്. 2020 ജൂണിൽ മറ്റു ചില ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടറുടെ ക്ലിനിക്കിൽ സുഷമ ജാദവ് വീണ്ടും എത്തി.
എന്നാൽ പ്രകൃതിചികിത്സാ ക്ലിനിക് അടച്ചതായും കാനഡ ആസ്ഥാനമായുള്ള ആയുർവേദ സംഘടനയുടെ ഫ്രാഞ്ചൈസി എടുത്തതായും അതിലൂടെ പൂനെ നഗരത്തിലെ നിരവധി രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നും ഡോക്ടർ സുഷമയോട് പറഞ്ഞു.
തുടർന്ന് യാതൊരു വൈദ്യപരിശോധനയും നടത്താതെ, സുഷമയ്ക്ക് ‘കരൾ അർബുദം’ ബാധിച്ചതായി ഡോക്ടർ പറയുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു.
തുടർന്ന് ചുവപ്പ്, കറുപ്പ്, പച്ച, വെള്ള പ്ലാസ്റ്റിക് ബാഗുകളിലായി ചില ഗുളികകൾ ഡോക്റ്റർ നൽകിത്തുടങ്ങി.
ഈ മരുന്നുകളുടെ പേരുകൾ ചോദിച്ചപ്പോൾ, ഡോക്റ്റർ അത് നൽകാതെ സെൽ ഫോണിൽ കരൾ തകരാറിലായതിന്റെ ഫോട്ടോകൾ കാണിച്ചുവെന്നും ചികിത്സ നിർത്തുന്നത് അവരുടെ മരണത്തിന് കാരണമായേക്കാമെന്നും പറയുകയായിരുന്നു.
കരളിന്റെ മുകൾ ഭാഗത്ത് ക്യാൻസർ മുഴകൾ ഉണ്ടെന്ന് സെപ്റ്റംബറിൽ പ്രതി ജാദവിനോട് പറഞ്ഞു. ഈ ട്യൂമർ ആയുർവേദ മരുന്നുകളാൽ ചികിത്സിക്കാമെന്നും ഡോക്ടർ പരാതിക്കാരിയോട് പറഞ്ഞു.
“പരാതിക്കാരി 1.45 കോടി രൂപ ചെക്കുകൾ വഴിയും 1.75 ലക്ഷം രൂപ പണമായും നൽകി. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, എന്നാൽ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മുദ്രയിട്ടു. കൂടുതൽ അന്വേഷണം നടക്കുന്നു. ” അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു

