ഗുവാഹത്തി: ഡിസംബര്‍ 16 ന് ബംഗളൂരുവില്‍ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അസമില്‍ നൂറകണക്കിന് ആളുകള്‍ തെരുവില്‍ മാര്‍ച്ച് നടത്തി. ബാര്‍പേട്ടയിലാണ് ഒരു കൂട്ടം താമസക്കാരും വിദ്യാര്‍ത്ഥി സംഘടനകളും മെഴുകുതിരി മാര്‍ച്ച് നടത്തിയത്. അസമില്‍ നിന്ന് നഴ്സിങ് പഠനത്തിനായി എത്തിയ യുവതിയെ നഴ്സിങ് കോളജില്‍ അഡ്മിഷന്‍ ശരിയാക്കി കൊടുത്ത ശേഷംബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ കോളജിലെ വിദ്യാര്‍ഥി അനിസുര്‍ റഹ്മാനാണ് പിടിയിലായ പ്രതി.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. നഴ്സിംഗ് സ്‌കൂളില്‍ പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡിസംബര്‍ 14 നാണ് പെണ്‍കുട്ടി ബംഗളൂരുവില്‍ എത്തിയത്. അനിസുര്‍ റഹ്മാന്റെ വസതിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരയുടെ അച്ഛന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനും അമ്മ ഒരു വീട്ടമ്മയുമാണ്. പ്രതിയെ പെണ്‍കുട്ടിയുടെ പിതാവിന് നേരിട്ടറിയാവുന്നതാണ്. അതിനിടെ 19കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാരേപേട്ട എംപി അബ്ദുള്‍ ഖാലിക് മുഖ്യമന്ത്രി യെഡിയ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു. പെണ്‍കുട്ടി അടുത്തിടെയാണ് പഠനത്തിനായി ഈ കോളജില്‍ എത്തിയത്. അനിസൂര്‍ വഴിയാണ് പെണ്‍കുട്ടി കോളജില്‍ അഡ്മിഷന്‍ ശരിയാക്കിയത്. പ്രതിയ്ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

