തൃശൂർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി കലണ്ടർ ഇറക്കിയ തൃശൂർ അതിരൂപതയ്ക്കെതിരേ വിവാദം രൂക്ഷമാകുന്നു.
2021ലെ കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കോട്ടയത്തും കൊല്ലത്തും വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. ബിഷപ്പായ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്ന് തൃശൂർ അതിരൂപത വിശദീകരണം നൽകി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെങ്കിലും ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്ത് തുടരുന്നുണ്ട്, കുറ്റങ്ങൾ തെളിഞ്ഞിട്ടില്ലെന്നും തൃശൂർ അതിരൂപത വിശദീകരിച്ചു.
ഫ്രാങ്കോയുടെ ജന്മദിനമായ മാർച്ച് 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ഫോട്ടോയും ഉൾപ്പെടുത്തിയിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍ ഉള്‍പ്പെടുത്തിയതിനെ വിശ്വാസികള്‍ പ്രതിഷേധിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ നേതൃത്വത്തിൽ
കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ചു. ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ പ്രതിഷേധം നടന്നു. ഫ്രാങ്കോ മുളക്കലിന്റെ ചിത്രം വെച്ച് 2020 ലെ കലണ്ടര്‍ ഇറക്കിയതിനെതിരെയും പ്രതിഷേധമുയർന്നിരുന്നു

