ചെന്നൈ: തമിഴ്നാട്ടിലെ ജനപ്രിയ സീരിയൽ നടി വി.ജെ. ചിത്ര ആത്മഹത്യയ്ക്ക് തൊട്ടു മുമ്പ് ഫോണിൽ ആരോടോ ദേഷ്യപ്പെട്ടു സംസാരിച്ചിരുന്നുവെന്ന് പോലിസ് . ആരോടായിരുന്നു വാഗ്വാദമെന്ന് പോലീസ് പുറത്ത് വിട്ടിട്ടില്ല. ചിത്രയുടെ അമ്മ വിജയയുടേയും പ്രതിശ്രുത വരൻ ഹേമന്ദിന്റെയും ഇടയിൽ നിലനിന്ന അസ്വാരസ്യങ്ങളെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. മരണത്തെ കുറിച്ചുള്ള ആർ ഡി ഒ അന്വേഷണം 14 – 12 – 2020 തിങ്കളാഴ്ച പുനരാരംഭിക്കും. തുടർച്ചയായ അഞ്ചാം ദിവസവും ഹേമന്ദിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
നസ്രത്ത് പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ 9-12-2020 ബുധനാഴ്ചയാണ് ചിത്ര ഫാനിൽ തൂങ്ങി മരിച്ചത്. സീരിയൽ ലൊക്കേഷനിൽ ഹേമന്ദ് മദ്യപിച്ചു ചെന്ന് വഴക്കുണ്ടാക്കിയതായി പോലീസ് അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. ഹേമന്ദ് ശല്യം ചെയ്യുന്നതായി മനസിലാക്കിയ അമ്മ ബന്ധത്തിൽ നിന്ന് പിൻമാറാൻ മകളെ ഉപദേശിച്ചു. വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ രജിസ്റ്റർ വിവാഹം നടത്തി. വിവാഹം ഫെബ്രുവരിയിൽ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ഇയാളെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. ഇതെല്ലാം ചിത്രയെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നാണ് പോലിസ് കരുതുന്നത്.

