കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ വോട്ടുചെയ്യാനെത്തിയവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിയുമായി ട്വന്റി ട്വന്റി ജനകീയ കൂട്ടായ്‌മ. ഏഴാം വാര്‍ഡില്‍ റീപോളിംഗ് വേണമെന്നാവശ്യപ്പെട്ട് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പു കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. സിപിഐഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ട്വന്റി ട്വന്റി നേതൃത്വം ആരോപിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ആരോപിച്ച് ട്വന്റി ട്വന്റി പ്രവര്‍ത്തകരായ പ്രിന്റു, ഭാര്യ ബ്രജിത എന്നിവരെ സിപിഎംന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. വയനാട് സ്വദേശികളായ ഇവര്‍ 14 വര്‍ഷമായി ഇവിടെ വാടകയ്‌ക്ക് താമസിക്കുന്നവരാണ്. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കാര്‍ഡുമായി എത്തിയവരെ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു.
വാടകയ്‌ക്ക് താമസിക്കുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട് . ആവശ്യമായ രേഖകളുമായി എത്തിയവരെയാണ് തടഞ്ഞതെന്ന് ട്വന്റി ട്വന്റി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കിലേ വോട്ടുചെയ്യാന്‍ അനുവദിക്കാവൂ എന്ന് സിപിഐഎമ്മും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
വിവിധ വാര്‍ഡുകളിലായി 523 പുതിയ വോട്ടര്‍മാരെ ചേര്‍ത്തിയിരുന്നു. ഇവര്‍ക്ക് വോട്ടുചെയ്യാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവുമായി പോലീസും നിലയുറപ്പിച്ചതോടെ വാക്കേറ്റമായി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാണ് പ്രിന്റുവിനും ഭാര്യക്കും നേരെ കയ്യേറ്റമുണ്ടായത്. വോട്ടെടുപ്പിന്റെ തലേദിവസവും പ്രവര്‍ത്തകര്‍ക്കുനേരെ മര്‍ദ്ദനമുണ്ടായതായി ട്വന്റി ട്വന്റി ആരോപിച്ചു. എല്‍ഡിഎഫും യൂഡിഎഫും ഒന്നിച്ച് മത്സരിക്കുന്ന വാര്‍ഡാണിത്.