ചണ്ഡിഗഢ്: ബോര്‍ഡ് പരീക്ഷകളെത്തുടര്‍ന്ന് ഡിസംബര്‍ 14 മുതല്‍ 10, 12 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ ഹരിയാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് ദിവസവും മൂന്ന് മണിക്കൂര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ആയിരിക്കും ക്ലാസുകളെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഒമ്പത്, 11 ക്ലാസുകള്‍ക്കുള്ള സ്കൂള്‍ ഡിസംബര്‍ 21 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.
വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അയച്ച കത്തില്‍, സ്കൂളില്‍ വരുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ കോവിഡ് ലക്ഷണങ്ങളുണ്ടോ എന്നറിയാന്‍ ഏതെങ്കിലും ഡോക്ടറില്‍ നിന്നോ ആരോഗ്യ കേന്ദ്രത്തില്‍ നിന്നോ മെഡിക്കല്‍ പരിശോധന നടത്തേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന കത്ത് ഡോക്ടറില്‍ നിന്ന് കുട്ടികള്‍ വാങ്ങണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളോ സൗജന്യമായി പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ സ്കൂളുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതിയും ആവശ്യമാണ്.

