പകർച്ചവ്യാധികളേക്കാൾ ആളെക്കൊല്ലികൾ പകരാത്ത രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന. കൊലയാളികളിൽ ഒന്നാമത് ഹൃദ്രോഗം

ജനീവ: കഴിഞ്ഞ 20 വർഷങ്ങളിൽ ഏറ്റവും കൂടുതൽ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ടത് പകർച്ചവ്യാധികളല്ലെന്ന് ലോകാരോഗ്യ സംഘടന.
ഈ കാലഘട്ടത്തിലെ 10 മരണകാരികളായ രോഗങ്ങളിൽ ഏഴെണ്ണം സാംക്രമികേതര രോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടന 09/12/20 ബുധനാഴ്ച പറഞ്ഞു.

സംഘടനയുടെ ഏറ്റവും പുതിയ ഗ്ലോബൽ ഹെൽത്ത് എസ്റ്റിമേറ്റ്സ് റിപ്പോർട്ടിൽ ആണ് 2000 – 2019 കാലഘട്ടത്തിലെ സ്ഥിതിവിവരക്കണക്കുകൾ വിശദീകരിച്ചിട്ടുള്ളത്. ആളുകൾ ഇപ്പോൾ മുൻപത്തേതിനേക്കാൾ കൂടുതൽ കാലം ജീവിക്കുന്നുണ്ട്, എന്നാൽ ആരോഗ്യം മെച്ചപ്പെട്ടു എന്ന് ഇതിന് അർത്ഥമില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

2000 ൽ മരണകാരികളായ10 പ്രധാന രോഗങ്ങളിൽ പകർച്ച വ്യാധികളല്ലാത്തവ വെറും നാലെണ്ണം മാത്രമായിരുന്നു. 2019 പിന്നിട്ടപ്പോൾ അത് ഏഴായി ഉയർന്നു. 2020 ൽ കോവിഡും 10 പ്രധാന മരണകാരികളിൽ ഇടം നേടിയിട്ടുണ്ട്.

2019 ൽ ലോകത്താകമാനം 55.4 ദശലക്ഷം പേർ മരിച്ചു. ഇതിൽ 55 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലവും, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ മൂലവും നവജാതശിശുക്കളുടെ അസുഖങ്ങൾ മൂലവുമാണ് സംഭവിച്ചത്.

ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, ശ്വാസകോശത്തിനുണ്ടാകുന്ന അണുബാധകൾ, നവജാതശിശു അവസ്ഥകൾ എന്നിവയാണ് മരണത്തിന്റെ ആദ്യ അഞ്ച് കാരണങ്ങൾ.

ശ്വാസനാളരോഗങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, അൽഷിമേഴ്സ്, ഡിമെൻഷ്യകൾ, വയറിളക്കം, പ്രമേഹം, വൃക്ക സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഇതിനു ശേഷം വരുന്നു.

ഹൃദയ രോഗങ്ങൾ, ക്യാൻസർ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ തടയുന്നതിലും ചികിത്സിക്കുന്നതിലും, ആഗോള ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ലോകാരോഗ്യസംഘടന പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ 20 വർഷമായി ഹൃദ്രോഗം ആളുകളെ കൊല്ലുന്നതിന്റെ ചുക്കാൻ പിടിക്കുന്നു. 2019 ൽ ഹൃദ്രോഗം ഒമ്പത് ദശലക്ഷം ആളുകളെ കൊന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →