ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒളിമ്പിക്സ് പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് 30 കായിക താരങ്ങൾ.
സ്വർണമെഡൽ ജേതാക്കളടക്കം പത്മശ്രീ, അർജുന അവാർഡ് ജേതാക്കളും അവാർഡ് തിരികെ നൽകും. ഇക്കാര്യംചൂണ്ടിക്കാട്ടി ശനിയാഴ്ച സന്ദർശനത്തിന് അനുമതിതേടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതുമെന്നും കായികതാരങ്ങൾ അറിയിച്ചു.
ബാസ്കറ്റ്ബോൾ താരവും അർജുന അവാർഡ് ജേതാവുമായ സജ്ജൻ സിങ് ചീമ അവാർഡ് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് 1980ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഹോക്കിടീമിൽ അംഗങ്ങളായിരുന്ന ഗുർമയിൽസിങ്ങും സുരീന്ദർസിങ്ങും സോധിയും അവാർഡ് തിരിച്ചു നൽകാൻ തയാറായി.
കൂടാതെ മുൻ ഗുസ്തിതാരം കാർട്ടാർ സിങ് തനിക്കുലഭിച്ച അവാർഡുകൾ മടക്കി നൽകും. മുൻ ഇന്ത്യൻ വനിതാ ഹോക്കിടീം ക്യാപ്റ്റൻ രാജ്ബീർ കൗർ, ഹോക്കി താരങ്ങളായ ബൽവീന്ദർസിങ്, ഹർചരൺസിങ് ബൊപരായ് തുടങ്ങിയവരും അർജുന മെഡൽ തിരികെ നൽകും.
സജ്ജൻ സിങ് ചീമയുടെ സഹോദരൻമാരും ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ടീം അംഗങ്ങളുമായിരുന്ന കുൽദീപ്സിങ് ചീമ, ബൽകാർസിങ് ചീമ, ഗുർമീത്സിങ് ചീമയും പുരസ്കാരങ്ങൾ മടക്കിനൽകും.