വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ അതിക്രമം. തിങ്കളാഴ്ച (30/11/2020) രാവിലെയാണ് രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കരിമഷി ഒഴിച്ചു വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സംഭവസ്ഥലത്തെത്തി പാലൊഴിച്ച് ശുദ്ധീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലം സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് സംഭവം. അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ ഭരണാധികാരികള്‍ ഇടപെട്ട് പ്രതിമ ശുചീകരിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലൊഴിച്ച് ശുദ്ധീകരിച്ചത്.

