തിരുവനന്തപുരം: ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ ഉപയോഗിക്കാൻ പ്രീപെയ്ഡ് കാർഡുകൾ വരുന്നു.മെട്രോ ട്രെയിനുകളിലെ പോലെ മെഷീൻ ടാപ്പിംഗ് സൗകര്യമുള്ള കാർഡുകളാണ് വരിക.
നിലവിൽ ടോൾ ബൂത്തുകളിൽ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പണം കൊടുത്തു കടന്നു പോകാൻ ഒരു ലൈൻ മാത്രമാണ് അനുവദിക്കുന്നത്.
ഇത് പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാക്കുകയും ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഫാസ് ടാഗ് ലൈനിലേക്ക് കയറുന്നത് തർക്കങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രീപെയ്ഡ് കാർഡുകൾ വരുന്നതോടെ ഇതൊഴിവാക്കാനാവും.രാജ്യത്തെ 70%. വാഹനങ്ങളിലും ഫാസ് ടാഗ് സ്റ്റിക്കറുകൾ പതിച്ചു കഴിഞ്ഞതായാണ് ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്.
പ്രീപെയ്ഡ് കാർഡുകൾ കൊണ്ടുവരുന്നതിനായി ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ടെൻഡർ ക്ഷണിച്ചു.
50 രൂപ വിലവരുന്ന കാർഡ് റീ ചാർജ് ചെയ്യാം. മെഷീനിലെ സെൻസറിന് മുകളിൽ കാണിച്ചു പോകാവുന്ന കാർഡുകൾ ഏർപ്പെടുത്തുന്നതിലൂടെ തിരക്ക് ഒഴിവാക്കാൻ സാധിക്കും.
ടോൾ മാനേജ്മെന്റ് സംവിധാനവുമായി പ്രീപെയ്ഡ് കാർഡ് ബന്ധപ്പെടുത്തും. ടെൻഡർ ലഭിക്കുന്ന കമ്പനി എല്ലാ ടോൾ ബൂത്തുകളിലും മൂന്ന് മാസത്തേക്ക് കാർഡ് വിൽപന, റീ ചാർജ്, ടോൾ പ്ലാസ ജീവനക്കാർക്ക് പരിശീലനം എന്നിവയും നൽകണം.

