ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനും സംഘർഷത്തിനും ഒടുവിൽ കര്‍ഷകരുടെ മാർച്ചിന് രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുമതി. തിക്രി അതിര്‍ത്തിയിലൂടെ കര്‍ഷകര്‍ക്ക് ഡല്‍ഡിയിലേക്ക് കടക്കാമെന്ന് വെള്ളിയാഴ്ച (27/11/20) വൈകിട്ടോടെ ഡല്‍ഹി പൊലീസ് അറിയിച്ചു. ബുറാഡിയിലെ നിരങ്കാരി സമാഗം മൈതാനത്ത് പ്രതിഷേധിക്കാനും അനുമതിയുണ്ട്.
സിങ്കു അതിര്‍ത്തിയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് അനുമതി. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പൊലീസ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. സമാധാന പൂര്‍ണമായ സമരം നടത്താന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് പിആര്‍ഒ അറിയിച്ചു. പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും പ്രതിഷേധം. ആളുകളെ നിയന്ത്രിക്കുന്നതിന്റെ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഇനിയും പ്രയോഗിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരെ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ പൊലീസ് നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രതിഷേധക്കാരുടെ നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിലും ലാത്തിചാര്‍ജ്ജും പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞുപോകാനോ പ്രതിഷേധം അവസാനിപ്പിക്കാനോ കര്‍ഷകര്‍ തയ്യാറായില്ല.
കര്‍ഷകരെ ബാരിക്കേഡ് വെച്ച് തടയുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തികളിലേക്ക് കര്‍ഷകര്‍ ഇരച്ചെത്തിയതോടെ പൊലീസ് കൂടുതല്‍ സേനയെ ഇറക്കിയിരുന്നു. ട്രക്കുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ തകര്‍ത്തായി പിന്നെ കർഷകരുടെ നീക്കം. ഏറെ നേരത്തെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറായത്.
അഞ്ഞൂറ് സംഘടനകളുടെ ഭാഗമായി പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.

