പോളണ്ട്: ”നിങ്ങളുടെ ജീവിതത്തിനുള്ള വഴി നിങ്ങള്‍ തന്നെ സമ്പാദിക്കണം, മറ്റേതൊരു ജോലിയും പോലെ തന്നെയാണ് ഇതും,” മുന്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവിന്റെ ട്വീറ്റാണിത്. റുബെന്‍ ലിമാര്‍ഡോ എന്ന വാള്‍പയറ്റ് താരമാണ് ഇതിനൊപ്പം ഭക്ഷ്യ വിതരണ കമ്പനിയുടെ ഡെലിവറി ബോയ് ആയി ജീവിതം നയിക്കുന്ന കാര്യവും ലോകത്തെ അറിയിച്ചത്. കൊവിഡിനെ ഇങ്ങനെയും അതിജീവിക്കാം എന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.
ലിമാര്‍ഡോയെ കൂടാതെ മറ്റ് ഇരുപതോളം ദേശീയതാരങ്ങളും ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്. മഹാമാരി കാരണം വെനസ്വേലയില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ടപോലെ സമ്പാദിക്കാന്‍ ആകുന്നില്ല. കൊറോണ വൈറസ് ലോകത്തെ മൊത്തം മാറ്റിമറിച്ചു. മത്സരങ്ങളില്ല, ടോക്കിയോ ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്ക് വൈകുന്നു, അങ്ങനെയങ്ങനെ. അതുകൊണ്ട് ഞങ്ങളീ വഴിയിലൂടെയാണ് പണം സമ്പാദിക്കുന്നത്. പുതുവര്‍ഷത്തില്‍ വീണ്ടും പണം നല്‍കാന്‍ തുടങ്ങുമെന്ന് സ്‌പോണ്‍സര്‍മാര്‍ പറയുന്നുണ്ട്,” ലിമാര്‍ഡോ പറയുന്നു. 35കാരനായ ലിമാര്‍ഡോ അടുത്ത വര്‍ഷം ടോക്കിയോ ഒളിമ്പിക്‌സില്‍ വീണ്ടും മത്സരിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയില്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ട ഒരു ട്വീറ്റിലാണ് ഈ പുതിയ ജോലിയുടെ സ്വഭാവം ലിമാര്‍ഡോ വെളിപ്പെടുത്തിയത്. പുതിയ ജോലി ജീവിതം മുന്നോട്ടു കൊണ്ട് പോകാനും, പഠനം പൂര്‍ത്തീകരിക്കാനും,പരിശീലനം തുടരാനും വാടക കൊടുക്കാനുമൊക്കെ സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.