ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് ആദരമര്‍പ്പിച്ച് ഫിലിംസ് ഡിവിഷന്‍ അദ്ദേഹത്തെക്കുറിച്ചുള്ള ബയോപിക് -‘സൗമിത്ര റീവിസിറ്റഡ്’ പ്രദര്‍ശിപ്പിക്കും. നാളെയാണ് (നവംബര്‍ 18) ഓണ്‍ലൈനിലൂടെ പ്രദര്‍ശനം. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളെക്കുറിച്ചുള്ള ‘മാസ്റ്റേഴ്‌സ് ടച്ച്’ എന്ന ഹ്രസ്വചിത്രവും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര- നാടക- ടെലിവിഷന്‍ നടന്‍, കവി, ചിത്രകാരന്‍, പത്രാധിപര്‍, കായിക പ്രേമി എന്നിങ്ങനെ ബഹുമുഖ സവിശേഷതകളുള്ള, ബംഗാളി സിനിമയുടെ നവോത്ഥാന നായകന്‍ എന്നറിയപ്പെട്ടിരുന്ന സൗമിത്രയുടെ ജീവിതരേഖ വരച്ചു കാട്ടുന്ന ഈ ചിത്രങ്ങളുടെ സംവിധായകന്‍ സന്ദീപ് റോയിയാണ്.
www.filmsdivision.org എന്ന വെബ്‌സൈറ്റില്‍ ഈ ആഴ്ചയിലെ ഡോക്യുമെന്ററി എന്ന വിഭാഗത്തിലും https://www.youtube.com/user/FilmsDivision എന്ന യൂട്യൂബ് ചാനലിലും ചിത്രങ്ങൾ കാണാനാകും. ദിവസം മുഴുവന്‍ ഈ ലിങ്കുകളില്‍ ബയോപിക്കും ഹ്രസ്വ ചിത്രവും ലഭ്യമാകും.
ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളായ സൗമിത്ര ചാറ്റര്‍ജി നവംബര്‍ 15 നാണ് അന്തരിച്ചത്. സത്യജിത് റേയുമായുള്ള കൂട്ടുകെട്ടിലൂടെയാണ് സൗമിത്ര ലോകമറിയുന്ന ചലച്ചിത്രതാരമായത്. ആദ്യ ചിത്രമായ ‘അപുര്‍ സന്‍സാര്‍’ മുതല്‍ 14 ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. പ്രശസ്ത ചലച്ചിത്രകാരന്മാരായ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, ഗൗതം ഘോഷ്, അപര്‍ണ സെന്‍, ഋതുപര്‍ണ ഘോഷ്, തരുണ്‍ മജുംദാര്‍ തുടങ്ങിയവര്‍ക്കൊപ്പവും സൗമിത്ര പ്രവര്‍ത്തിച്ചിട്ടുണ്ട്.
കലാകാരന്മാര്‍ക്ക് ഫ്രാന്‍സ് നല്‍കുന്ന പരമോന്നത ബഹുമതിയായ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സൗമിത്ര ചാറ്റര്‍ജി നേടിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മഭൂഷണ്‍, ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

