തൃശൂര്‍: ജില്ലയില്‍ കോവിഡ് വ്യാപനത്തിന് ഒപ്പം മരണ സംഖ്യ ഉയരുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ കണക്കില്‍ പൊരുത്തക്കേടുകള്‍ ഏറെ. സര്‍ക്കാരിന്‍റെ കോവിഡ് വിവരം അടങ്ങിയ വെബ്‌സൈറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന മരണ കണക്കില്‍ എല്ലാദിവസവും രണ്ടുമുതല്‍ 5 വരെ കുറവുകളാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ജില്ലയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 142 ആണ്. അനൗദ്യോഗിക കണക്കുപ്രകാരം 250ലേറെ പേര്‍ മരിച്ചെന്നാണ് വിവരം.
മരിച്ചവരെല്ലാം കോവിഡ് രോഗികളാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ കണക്കില്‍ ഇതൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാവരുടേയും സംസ്‌കാരം നടത്തിയിരിക്കുന്നതും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുതന്നെയാണ്. കഴിഞ്ഞ 5 ദിവസത്തിനുളളില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 17 പേര്‍ മാത്രമാണ് മരിച്ചിട്ടുളളത്. എന്നാല്‍ ജില്ലയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകളിലും വ്യത്യാസങ്ങളേറെയാണ്. ജില്ലാ ഭരണകൂടം നല്‍കുന്ന റിപ്പോര്‍ട്ടും സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് പുറത്തുവിടുന്ന റിപ്പോര്‍ട്ടും തമ്മിലും പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതുവരെയുളള മരണ നിരക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഒക്ടോബറിലാണ്. 76 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ മാസം ഇതുവരെ സര്‍ക്കാര്‍ കണക്കനുസരിച്ച് 17 പേരാണ് മരിച്ചത്.

