ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്കെതിരായ പുതിയ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന് അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭൂഷന്റെ നടപടി.
മധ്യപ്രദേശിലെ എംഎല്‍എമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ ചീഫ് ജസ്റ്റിസ്, കന്‍ഹ ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ചെന്നും ഇതിനു ശേഷം സ്വന്തം നാടായ നാഗ്പുരിലേക്കു ഹെലികോപ്റ്ററില്‍ പോയെന്നുമാണ് ഭൂഷന്റെ ട്വീറ്റ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെയും സുപ്രീംകോടതിയെയും വിമര്‍ശിച്ച കേസില്‍ ഓഗസ്റ്റില്‍ പ്രശാന്ത് ഭൂഷന് കോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍ ചെയ്ത ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.