ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലുകൾക്കെതിരായി പഞ്ചാബിൽ നടന്നു വരുന്ന പ്രക്ഷോഭം മൂലം റെയിൽവേയ്ക്ക് ഉണ്ടായ നഷ്ടം ഇതിനകം 1200 കോടി രൂപ കടന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ 32 സ്ഥലങ്ങളിൽ റയിൽവേ ട്രാക്കുകളിൽ പ്രതിഷേധം നടക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
പ്രതിഷേധക്കാരുണ്ടാക്കുന്ന തടസ്സങ്ങൾ കാരണം സുപ്രധാന ചരക്കുകൾ വഹിക്കുന്ന 2225 ലധികം റേക്കുകൾ മുടങ്ങി. 1350 തീവണ്ടികൾ റദ്ദാക്കാനോ വഴിതിരിച്ചുവിടാനോ നിർബന്ധിതരായിട്ടുണ്ടെന്ന് റയിൽവേ പറഞ്ഞു.
പഞ്ചാബിൽ നിന്നുമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് രാജ്യത്തെ കാർഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പ്രവർത്തനം പുനരാരംഭിക്കുന്നതിനായി നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെയും റെയിൽവേ ട്രാക്കുകളുടെയും സുരക്ഷയെ കുറിച്ച് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
കാർഷിക സംബന്ധിയായ മൂന്ന് പുതിയ ബില്ലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ റെയിൽവേ ട്രാക്കുകളിലും സ്റ്റേഷനുകളിലും സെപ്റ്റംബർ 24 നാണ് പ്രക്ഷോഭം ആരംഭിച്ചത്.

