തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ഭാര്യയേയും രണ്ടര വയസുള്ള കുട്ടിയേയും വരെ ഇഡി വീടിനുള്ളിൽ തടവിലാക്കിയെന്ന് ആരോപിച്ച് മരുതംകുഴിയിലെ വീടിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം.
വീടിനുള്ളിലുള്ള ബന്ധുക്കളെ കാണണമെന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധുക്കള്‍ ബഹളം വെച്ചു. വീട്ടുതടങ്കലിൽ ആക്കിയവരെ കാണണമെന്നാവശ്യപ്പെട്ട് അനുമതി നല്‍കുന്നതുവരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
അകത്തുള്ളവരെ കാണാന്‍ ഇപ്പോ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചു. കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇ ഡി കൊണ്ടുവച്ചതായിരിക്കും എന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തുവെന്നും ഇത് പ്രതി അനൂപ് മുഹമ്മദിന്റേതാണെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ക്രെഡിറ്റ് കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുവച്ചതാണെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.
കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെത്തിയതാണെന്ന് സമ്മതിക്കില്ലെന്ന് ബിനീഷിന്റെ അമ്മയുടെ സഹോദരി വ്യക്തമാക്കി. വഴക്ക് മൂർച്ഛിച്ചതോടെ ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിച്ചു. പോലീസ് അത് ബന്ധുക്കളെയും അറിയിച്ചു. ഇത് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. ബിനീഷിൻ്റെ ഭാര്യ അടക്കം രണ്ടു സ്ത്രീകളുമുണ്ട്. വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയണം. ഇ ഡി എങ്ങനെയാണ് അവരോട് പെരുമാറുന്നതെന്നു ആശങ്കയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
വീട്ടുതടങ്കലില്‍ വെച്ചത് പോലെയാണ് നിലവിൽ . വീടിനകത്തുള്ളവരുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ല. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും, മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയാണ്. 4-11- 2020 ബുധനാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്.
ഇ.ഡിക്കൊപ്പം കര്‍ണാടക പോലീസും സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
രാത്രിയോടെ റെയ്ഡ് അവസാനിച്ചു. എന്നാൽ കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തി മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു. ക്രെഡിറ്റ് കാർഡ് ഇഡി കൊണ്ടുവന്നതാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബിനീഷിൻ്റെ ഭാര്യ. മഹസറിൽ ഒപ്പിടാതായതോടെ അന്വേഷണ ഉദ്യോഗസ്ഥരും വീട്ടില്‍ തുടരുകയാണ്.

