സുല്‍ത്താന്‍ ബത്തേരിയില്‍ കടുവയും കുട്ടികളും സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വിഹരിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ബത്തേരി ബീനാച്ചി ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ 03/11/2020 ചൊവ്വാഴ്ച പകല്‍ കടുവയിറങ്ങി. രണ്ടുകൂട്ടികളുമായി തോട്ടത്തിലെത്തിയ കടുവ ഒരു പകല്‍ മുഴുവന്‍ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി. വൈകിട്ടോടെ മദ്ധ്യപ്രദേശ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുളള ബീനാച്ചി എസ്റ്റേറ്റിലേക്ക് കടന്നു.

ദേശീയ പാത 766 ന് സമീപത്തുളള പുതിയകാട് മഞ്ചീരി വീട്ടില്‍ സുമാലിനിയുടെ വീടിനോട് ചേര്‍ന്നാണ് കടുവകളെ കണ്ടത്. ഗര്‍ജനം കേട്ട് പുറത്തിറങ്ങിയ ഇവര്‍ കടുവകളെ കണ്ടതോടെ വീടിനുളളില്‍ കയറി വാതിലടച്ചു. വിവരം അറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അയല്‍ക്കാരായ കളളിക്കാടന്‍ ഷൗക്ക്ത്ത്, സികെ മുസ്തഫ എന്നിവര്‍ക്കു നേരെ കടുവാ പാഞ്ഞടുത്തു. ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു.

500 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന ബീന എസ്റ്റേറ്റില്‍ ആനയൊഴിച്ചുളള എല്ലാ മൃഗങ്ങളും ഉണ്ട്. ഇവിടെ നിന്ന് വന്നതാണെന്ന് കരുതുന്നു. വിവരമറിഞ്ഞ് ബത്തേരി ഫോറസ്റ്റ് റേഞ്ചോഫീസര്‍ രമ്യ രാഘവന്റെ നേതൃത്വത്തിലുളള വനപാലക സംഘവും ബത്തേരി പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. മൈക്കനൗണ്‍സ്‌മെന്റ് നടത്തി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പകല്‍സമയം മുഴുവന്‍ ജനവാസ കേന്ദ്രത്തില്‍ കഴിഞ്ഞ കടുവയെ ബീനാച്ചി എസ്റ്റേറ്റിലേക്ക് കടത്താനുളള നീക്കം ആരംഭിച്ചു.

മൂന്ന് കടുവകള്‍ ഉളളതിനാല്‍ ഇവയെ എങ്ങനെ കടത്തണമെന്ന കാര്യത്തില്‍ ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. ജനവാസ കേന്ദ്രവും ദേശീയപാതയും പിന്നിട്ടുവേണം വനത്തിലെത്തിക്കുവാന്‍. കുട്ടികളുളളതിനാല്‍ കടുവ അക്രമാസക്തമാകാനും സാധ്യതയുണ്ട് . കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് കടുവയുടെ ശല്ല്യം വര്‍ദ്ധിച്ചുവരികയാണ്. കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായിരുന്നു.

ബീനാച്ചി സ്‌കൂള്‍ കുന്നില്‍ കഴിഞ്ഞ ആഴ്ച കടുവ ഇറങ്ങിയപ്പോള്‍ ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇന്നലെ വീണ്ടും കടുവയിറങ്ങിയത്. ഇവിടെ പകല്‍പോലും പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →