ഗുരുദാസ് ദാസ് ഗുപ്ത; അനുസ്മരണം

തിരുവനന്തപുരം: ധനമൂലധനശക്തികൾക്കും ആഗോള കോർപ്പറേറ്റുകൾക്കും എതിരെ പോരാടിയ നേതാവ് ആയിരുന്നു സ. ഗുരുദാസ് ദാസ് ഗുപ്തയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രൻ പ്രസ്താവിച്ചു.

രാജ്യത്തിന്റെ സമ്പത്തും പ്രകൃതി വിഭവങ്ങളും കൈയ്യടക്കാൻ ഭരണകൂടത്തിന്റെ ഒത്താശയോടെ കോർപ്പറേറ്റുകൾ ശ്രമിച്ചപ്പോൾ അതിനെതിരെ പാർലമെന്റിനകത്തും പുറത്തും ഗുരുദാസ് ദാസ് ഗുപ്ത നടത്തിയ പോരാട്ടം ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളതാണ്. ആ പോരാട്ടങ്ങളുടെ തുടർച്ചയാണ് രാജ്യത്തുള്ള മുഴുവൻ തൊഴിലാളികളും ജീവനക്കാരും, രാജ്യത്തെ രക്ഷിക്കാനും ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുവാൻ ഇന്ന് വളർത്തി കൊണ്ടുവന്ന തൊഴിലാളി കർഷക ബഹുജന ഐക്യം.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സാമ്രാജ്യത്വ വിരുദ്ധ സമരത്തിലൂടെയാണ് 1920-ൽ ഇന്ത്യയിൽ ആദ്യമായി തൊഴിലാളി പ്രസ്ഥാനം – എഐടിയുസി രൂപം കൊള്ളുന്നത്. ആ സമരം തൊഴിലാളികളിൽ ഉണ്ടാക്കിയ ആവേശവും ആത്മവിശ്വാസവും തൊഴിലാളികളുടെ മൗലീകമായ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുള്ള കരുത്തുറ്റ തൊഴിലാളി പ്രസ്ഥാനത്തിന് ഊർജവുമായി.

പല തൊഴിൽ നിയമങ്ങളും കൊണ്ടുവരുന്നതിന് സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ബ്രട്ടീഷ് ഭരണാധികാരികളെ നിർബന്ധിതമാക്കിയത് തൊഴിലാളികളുടെ ഈ സംഘടിത ശക്തിയാണ്.1947 ൽ ട്രേഡ് പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പും പിന്നീട് ഒട്ടേറെ ട്രേഡ് യൂണിയനുകളും രൂപീകരിക്കപ്പെട്ടതും തൊഴിലാളികളുടെ സംഘടിതശേഷിക്ക് വലിയ പ്രഹരമേല്പിച്ചു.

കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനും, അവരെ പ്രീണിപ്പിക്കാനും, രാജ്യത്തെ ഭരണാധികാരികൾ തൊഴിലാളികൾക്കും, അവരുടെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കും എതിരായ ആക്രമണങ്ങൾ ശക്തിപ്പെടുത്തിയപ്പോൾ, അതിനെ ചെറുക്കാൻ തൊഴിലാളികളുടെ വിപുലമായ ഐക്യവും യോജിപ്പും അനിവാര്യമാണന്ന് തിരിച്ചറിഞ്ഞു കൊണ്ട് രാജ്യത്തെ മുഴുവൻ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും ഒന്നിപ്പിക്കുവാൻ സഖാവ് ഗുരുദാസ് ദാസ് ഗുപ്തയ്ക്ക് കഴിഞ്ഞു എന്നത് ഏവരും അംഗീകരിക്കപ്പെട്ടതാണ്.

മികച്ച പാർലമെന്ററിയൻ എന്ന നിലയിൽ രാജ്യസഭയിലും ലോകസഭയിലും അംഗമായി ഇരുന്നു കൊണ്ട് സഖാവ് നടത്തിയ പ്രവർത്തനങ്ങൾ പാർലമെന്ററി ജനാധിപത്യത്തിന് വലിയ മുതൽകൂട്ടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് എന്ന നിലയിൽ ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികളെ കൂടുതൽ യോജിപ്പോടുകൂടി ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ സഖാവ് ഗുരുദാസ് ദാസ് ഗുപ്തയ്ക്ക് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.

സഖാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എഐടിയുസി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ പാർലമെന്ററി പാർട്ടി നേതാവ് ബിനോയ് വിശ്വം എം.പി, സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍ പ്രസാദ് നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →