ഒന്നരപ്പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം അംബികാസുതൻ മാഷിന്റെ ഒരു നോവൽ – ‘മാക്കവും മക്കളും എത്തുമ്പോൾ’. വടക്കൻ കേരളത്തിൻ്റെ പ്രമേയ പരിസരത്ത് നിന്നും അനന്യമായ ഒരു ചരിത്ര നോവൽ പിറവിയെടുക്കുകയായിരിക്കും. നാളിതുവരെ പുരാവൃത്തമായി കരുതി അവഗണിച്ചിരുന്ന വടക്കൻ നാട്ടുസാഹിത്യത്തിൻ്റെ ഇതിഹാസമാനം തെളിയിക്കുന്ന രണ്ടു കൃതികളാണ് തുളുനാട്ടിലെ ‘സിരികഥയും’ കോലത്തുനാട്ടിന്റെ ‘കടാങ്കോട്ടു മാക്കവും’. സ്വയം കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്ത രണ്ടു പെണ്ണുങ്ങളെ ചൂഴ്ന്ന സാമൂഹ്യ പരിസരത്തെയാണവ ചിത്രീകരിച്ചത്. അംബികാസുതൻ മാഷ് ഇതുവരെ എഴുതിയ മുപ്പതിൽ കുറയാത്ത തെയ്യം കഥകൾ / കാവ് പ്രമേയ പരിസരമാകുന്ന കഥകളൊന്നും പുരാവൃത്തങ്ങളുടെ പരാവർത്തനമല്ലെന്നതിനാൽ പുതിയ നോവലിൻ്റെ കഥാ വഴികളെങ്ങനെയായിരിക്കുമെന്നറിയില്ല. ഇതിഹാസങ്ങളുടെ ഢാംഭികത മാക്കത്തോറ്റത്തിനുമുണ്ടെന്ന് ആദ്യമായി പറഞ്ഞത് ടി.പി.സുകുമാരൻ മാഷാണ്. വടക്കൻ കേരളത്തിൽ നാത്തൂൻ പോരില്ലാത്തതിന്റെ കാരണമായി തോറ്റം കേട്ടും ചാലയിലും കുഞ്ഞിമംഗലത്തും തെയ്യം കണ്ടും അമ്മമാർ ചൊല്ലിയ മാക്കംകഥ കേട്ടും ആത്മവിമലീകരണം നടന്ന ഒരു ഗ്രാമീണ ജനതയുടെ കുളിച്ചേറ്റമുണ്ടെന്ന് ടി.പി. തിരിച്ചറിയുന്നുണ്ട്. സി.വി.രാമൻപിള്ള തുടക്കം കുറിച്ച കേരളത്തിലെ ചരിത്ര നോവൽ പാരമ്പര്യത്തിൽ, വള്ളുവക്കമ്മാരൻ പോലുള്ള അപൂർവ കൃതികളിലൂടെ ആയാളപ്പെട്ട വടക്കൻ ശാഖയിൽ പെടുന്ന “മാക്കവും മക്കളും ” ഭാഷണഭേദവും ഭാഷാഭേദവും കൊണ്ടു മാത്രമായിരിക്കില്ല വ്യത്യസ്തമാവുന്നത്. രണ്ടോ മൂന്നോ നൂറ്റാണ്ടു മുമ്പത്തെ പുറമെ ഋതുവെന്നു തോന്നിലും അതിസങ്കീർണ്ണമായഗ്രാമീണജീവിതത്തിന്റെ ഉൾവഴികൾ അംബി മാഷ് പ്രതിഭയുടെ കനകപ്പൊടി കൊണ്ട് ദീപ്തമാക്കും എന്നതുകൊണ്ടു കൂടിയാണ്.
ഒരു ‘ഫോക് എപ്പിക്കിന്റെ വെണ്ണച്ചാന്തും ദീപ്തി തക്കോലും കയ്യേറ്റ കഥാകാരന്
ചൊല്ലി നിർത്തുന്ന തോറ്റം മൊഴി തന്നെ അനുഗ്രഹവചനം ..
നാളെ നിങ്ങൾ ചൊല്ലിൽ നിറവാളായി യോഗം വരട്ടെ