എന്റെ നാട്ടിൽ ബൈസൺവാലി, 62 വർഷം പഴക്കമുള്ള ഒരു താന്നി മരം ഉണ്ട്. ഞങ്ങളുടെ വീടുമായി 30 മീറ്ററോളം അകലത്തിലാണ് നിൽപ്. ചുറ്റിലും ശിഖരങ്ങൾ പടർത്തി ഒത്തിരി ഓർമ്മകളും അനുഭവങ്ങളും ഉള്ളിൽ നിറച്ച് വളരെ ഉയരത്തിൽ കാഴ്ച്ചകൾ കണ്ടാണ് രാജകീയമായ ആ നിൽപ്പ് . അര നൂറ്റാണ്ടിലധികമായി നൂറ് കണക്കിന് ആൾക്കാർക്ക് വൈദ്യനും ഡോക്ടറും ഒക്കെ ആയി നിസ്വാർത്ഥ സേവനം ഇന്നും തുടരുന്നു. ഞങ്ങളുടെ ചെറുപ്പത്തിൽ മറ്റൊരു താന്നി മരം എട്ടു പത്തു കിലോമീറ്റർ അകലെ, പൊട്ടൻകാടിന് അപ്പുറം രണ്ടുമാക്കൽകാരുടെ പുരയിടത്തിലായിരുന്നു ഉണ്ടായിരുന്നത്.
പ്രായാധിക്യത്താൽ ദശാബ്‌ദങ്ങൾക്ക് മുമ്പേ അത് പ്രകൃതിയിൽ ലയിച്ചു . എന്റെ അച്ഛനും മുത്തച്ഛനും ഒക്കെ കൃഷിക്കാരായിരുന്നു. അന്നൊക്കെ ഞങ്ങളുടെ വീട്ടിൽ നിന്നും അധികം അകലെയല്ലതെ ഏതാണ്ട് ചുറ്റിലും
വനമായിരുന്നു. അതുവഴി ഒഴുകുന്ന തോട്ടിലെ വെള്ളമായിരുന്നു കുടിവെള്ളവും കുളിവെള്ളവും എല്ലാം. പത്തറുപത് വർഷം കഴിഞ്ഞിട്ടും തോട്ടിൽ നിന്നും വെള്ളമെടുക്കാനായി വലിയ കല്ലുകൾ ഇട്ട് പടികൾ ഉണ്ടാക്കിയത് ഇന്നും അവശേഷിക്കുന്നു. തോടിന്റെ ഇരു കരകളിലും ധാരാളം മരങ്ങൾ നിൽപ്പുണ്ട്. കൂട്ടത്തിൽ വില്ലൻ കഥാപാത്രങ്ങളായ കടപ്പേഴ്, ചേര് (ചിലർ ചാര് മരം എന്നും പറയും ) തുടങ്ങിയവയും ധാരാളം, ഈ മരങ്ങളുടെ ചുവട്ടിൽ കൂടി കടന്നു പോകുന്ന ധാരാളം ആൾക്കാർക്ക് ചാര് പൊള്ളുക എന്ന വ്യാധി പിടിപെടാറുണ്ട് . ഇതിന് പരിഹാരം താന്നി മരത്തിന് വലം വെയ്ക്കുക മാത്രം എന്നായിരുന്നു വിശ്വസം .
അച്ഛനും ഒക്കെ കുളിക്കാനും വെള്ളം എടുക്കുവാനും പോകുമ്പോൾ ചാര് പൊള്ളുക നിത്യ സംഭവം ആയിരുന്നു , പത്തു കിലോമീറ്ററോളം നടന്ന് താന്നിയുടെ അടുത്ത് പോകുന്ന ബുദ്ധിമുട്ട് കാരണമാണ് വീട്ടിലെ പറമ്പിൽ ഈ മരം അച്ഛൻ നട്ടു പിടിപ്പിച്ചതും അത് ബൈസൺവാലിയുടെ ചരിത്രത്തിന്റെ ഭാഗമായതും . അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ ഈ ഒരു താന്നിയെ ഉണ്ടായിരുന്നുള്ളു. (ഇപ്പോഴും അതിന് മാറ്റം ഉണ്ടെന്ന് തോന്നുന്നില്ല ). ചാര് പൊള്ളുന്നവർ കഴുത്തിൽ കണ്ണൻ ചിരട്ടകളും ചെറിയ പാട്ടകളും വള്ളിയിൽ കോർത്ത് കെട്ടി ആ പാട്ടയിൽ ചെണ്ടക്കോലുപോലുള്ള വടികൾ കൊണ്ട് ഉച്ചത്തിൽ കൊട്ടി ” ചാരച്ഛൻ ചെയ്തത് തന്നിയച്ഛൻ പൊറുക്കണം” എന്ന് കൂട്ടുകാരെ ക്കൊണ്ടും കൈ കൊട്ടി താളം പിടിച്ച് പാട്ടും പാടി താന്നിക്ക് വലത്തു വെച്ച് പോകുന്നത് ആഴ്ചകളുടെ പോലും ദൈർഘ്യം ഇല്ലാതെ തുടർന്നിരുന്നു.
ദൂരെ നിന്നും കൊട്ടും പാട്ടുമായി അഞ്ചും ആറും പേര് വരുമ്പോൾ തന്നെ അടുത്തുള്ളവർ കാഴ്ചക്കാരായും കൂടും. കൂടുതൽ ആൾക്കാർ ഈ കാഴ്ച കണ്ട് ചിരിച്ചാൽ അത്രയും പെട്ടെന്ന് വ്യാധി മാറുമെന്നാണ് വിശ്വാസം . ഒരിക്കൽ രണ്ടു മൂന്നു കിലോമീറ്റർ അകലെ നാൽപ്പതേക്കർ ഭാഗത്ത് വനത്തിൽ ഒരു വലിയ ഉണക്ക മരം ചുവടേ മറിഞ്ഞു വീണു. സമീപ വാസികൾ എല്ലാവരും മഴുവും കോടാലിയും ഒക്കെ ആയി വിറകിന് വേണ്ടി വെട്ടി പ്പൊട്ടിച്ചെടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ പലർക്കും ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടു തുടങ്ങി . അപ്പോളാണ് വിറക് പരിശോധിച്ചത്, അതൊരു വലിയ കടപ്പേഴ് ആയിരുന്നു . ( കടപ്പേഴിന്റെ ഇല തേക്കിലയോളം വലിപ്പമുള്ളതാണ് , ഇതിന്റെ പൊള്ളൽ ഏറ്റാൽ ദേഹത്ത് അവിടവിടെ വട്ടം വട്ടം ചുവന്നു തടിക്കുകയും അസ്സഹ്യമായ ചൊറിച്ചിൽ വരികയും ചെയ്യും.
ചേര് മരത്തിന്റെ ഇലകൾ ചെറുതാണ്, അടുത്ത ദിവസം രണ്ടുമൂന്നു പേര് കൊട്ടും പാട്ടും ചിരിയുമായി വന്ന് താന്നിക്ക് വലത്തു വെച്ച് പോയി . അടുത്ത ദിവസം എണ്ണം കൂടി, ആറേഴ് പേരെത്തി മരത്തിനു വലം വെച്ച് പോയി . പിറ്റേ ദിവസം കഥ മാറി , ഇരുപത്തഞ്ചോളാം പേര് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രണ്ടു മൂന്ന് കിലോമീറ്റർ ദൂരെ നിന്നും ഘോഷയാത്രയായി വള്ളി പൊട്ടിയ ചെരുപ്പും ചിരട്ടയും ദ്വാരം വീണ അലുമിനിയം കലവും പ്ലേറ്റും പാട്ടയും ഒക്കെ കഴുത്തിൽ കെട്ടിത്തൂക്കിയും കൊട്ടിപ്പാടിയും കൈ കൊട്ടിയും ചാരച്ഛൻ ചെയ്തത് – എന്ന പാട്ടും പാടിയുള്ള വരവ് ഒരു പ്രത്യേക അനുഭവം ആയിരുന്നു. കൂട്ടത്തിൽ അടുത്തുള്ള കൂട്ടുകാരന്റെ കാമുകിക്ക് ചാര് പൊള്ളി. കൂട്ടുകാരൻ നിർദേശിച്ചത് തുണിയില്ലാതെ താന്നിക്ക് വലത്തുവെക്കണമെന്ന്. സന്ധ്യ ആയപ്പോൾ കക്ഷി സഹോദരിയോടൊപ്പം വീട്ടിൽ വന്നു അമ്മയോട് പറഞ്ഞു പിള്ളേരെ ആരെയും താന്നിയുടെ അടുത്തേക്ക് വിടരുതെന്ന്, അമ്മ കാര്യം തിരക്കിയപ്പോളാണ് കൂട്ടുകാരൻ പറഞ്ഞ വിവരം അറിഞ്ഞത്, കൂട്ടുകാരനും പുറകെ എത്തിയിരുന്നു , എല്ലാവരും ചിരിച്ചു മടുത്തു ചാരച്ഛന്റെ രോഷാഗ്നി തന്നിയച്ഛന്റെ അടുത്ത് തണുപ്പിച്ച് പോയപ്പോൾ. എന്തായാലും കൂട്ടുകാരൻ അവളെ തന്നെ പിന്നീട് വിവാഹം കഴിക്കുകയും ഇപ്പോൾ സുഖമായി നാട്ടിൽ കഴിയിന്നുമുണ്ട് .
നമ്മുടെ നാട്ടിലെ ഗിന്നസ് ജേതാവായ (ഇടമലക്കുടിയെക്കുറിച്ചുള്ള പുസ്തകം ) പ്രിയ സുഭാഷിന്റെ പിതാവ് ചന്ദ്രൻ ചേട്ടൻ ഉൾപ്പെടെ ഉള്ള വലിയ ഒരു ജന സമൂഹം തന്നെ പലപ്പോഴായി ഈ മരത്തിന്റെ സൗഭാഗ്യം അനുഭവിച്ചിട്ടുള്ളതാണ് . താന്നിയെ വലം വെക്കുന്നതിന് എത്രയാണ് ഫീസ് എന്ന് പലരും തിരക്കിയിട്ടുണ്ട് , ഫീസ് ഒന്നും വാങ്ങിയിട്ടില്ലെങ്കിലും തോട്ടം തൊഴിലാളികളായ തമിഴ് സഹോദരങ്ങൾ താന്നിയെ വലം വെച്ച് പോകുമ്പോൾ മരത്തിനു ചുവട്ടിൽ പൂക്കളും നാണയത്തുട്ടുകളും കാണാറുണ്ട് . വളരെ ചെറുപ്പത്തിൽ തന്നെ ഈ വില്ലൻ ചേര് മരങ്ങളോട് ഞങ്ങൾക്ക് ദേഷ്യവും വെറുപ്പും ആയിരുന്നു , അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോൾ ഒക്കെ തോട്ടിൽ നിന്നും കല്ലുകൾ പെറുക്കി ഈ മരത്തിന്നിട്ട് എറിയുമായിരുന്നു .
തോട്ടുവക്കത്തുള്ള ചേര് മരങ്ങളുടെ തടിയിൽ വളരെയധികം ഏറു കൊണ്ട പാടുകൾ ഇന്നും കാണാനുണ്ട് . ചേര് മരത്തിന്റെ കറയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ആണ് ഈ വ്യാധിക്ക് കാരണമെന്നും താന്നി മരത്തിൽ അടങ്ങിയിട്ടുള്ള ആൽക്കലി ആണ് ഇത് ഭേദപ്പെടുത്തുന്നത് എന്ന് അറിയാമെങ്കിലും സർട്ടിഫിക്കറ്റ് ഇല്ലാത്ത phd ക്കാരനായി (സർട്ടിഫിക്കറ്റ് ഉള്ള നമ്മുടെ നാട്ടിലെ ആദ്യ phd ക്കാരി മുട്ടുങ്കൽ കൃഷ്ണൻകുട്ടി ചേട്ടന്റെ മോളെ മറന്നിട്ടല്ല ) ഇന്നും ആതുര സേവനം ചെയ്ത് ആകാശം മുട്ടെ വളർന്ന് എല്ലാവർക്കും നന്മ നേർന്നുകൊണ്ട് (ചിലർ എന്റെ തോൽ കത്തി ഉപയോഗിച്ച് ചെത്തിക്കൊണ്ട് പോകുന്നത് വിഷമം ഉണ്ടാക്കുന്നുണ്ട് ) സുഖമായി വാഴുന്നു.

