ചെന്നൈ: വാടകയ്‌ക്ക് നല്‍കിയ വീട് ഒഴിയണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് വധഭീഷണിയുമായി തമിഴ്നാട് എഡിജിപിയുടെ മകന്‍ . 2017ലാണ് എഡിജിപി ശൈലേന്ദ്ര ബാബുവിന്റെ മകന്‍ ദേവേന്ദ്രബാബുവിന് വീട് വാടകയ്‌ക്ക് നല്‍കുന്നത്. ഇസ്രായേലില്‍ നിന്നും കുടിയേറിയ ജൂത കുടുംബത്തില്‍പെട്ട സാറാ ലെവിയാണ് വീട്ടുടമസ്ഥ.
വീട്ടില്‍ നിശാപാര്‍ട്ടിയും ബഹളവും പതിവായതോടെ വീട് ഒഴിഞ്ഞു തരണമെന്ന് സാറാലെവി ആവശ്യപ്പെട്ടു. ഇതിന്റെ പേരിലാണ് വധഭീഷണി മുഴക്കിയത്. ബസന്ത് നഗറിലെ ഫ്‌ളാറ്റിലെ താഴത്തേനിലയാണ് ഇയാള്‍ക്ക് വാടകയ്‌ക്ക് നല്‍കിയിരുന്നത്. ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. വീട്ടില്‍ നിശാപാര്‍ട്ടിയും ബഹളവും വര്‍ധിച്ചതിനെ തുടര്‍ന്ന് വീട്ടുടമയായ സ്‌ത്രീ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അവര്‍ പറയുന്നത്. വീടൊഴിയണമെന്നാവശ്യപ്പെട്ട് എത്തിയ സാറായുടെ ബന്ധുക്കളെ എഡിജിപിയുടെ മകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്‌തു. കൊന്നുകളയുമെന്നാണ് ഭീഷണി.
ദേവേന്ദ്രബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ല. കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന വാടക കഴിഞ്ഞ ഒന്നര വര്‍ഷമായി ലഭിക്കുന്നില്ല. ഇനിയും പരാതിയുമായി എങ്ങോട്ട് പോണമെന്നറിയാതെ പ്രതിസന്ധിയിലാണ് കുടുംബം.

