വോർസോ: 1945 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമൻ ക്രൂയിസറിനു നേരെ ബ്രിട്ടൻ പ്രയോഗിച്ച ഒരു ബോംബ് ചൊവ്വാഴ്ച (13/10/20) പോളണ്ടിലെ കനാലിനടിയിൽ പൊട്ടിത്തെറിച്ചു.
5,400 കിലോഗ്രാം ഭാരമുള്ള ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. സ്ഫോടനം നടന്ന പിയാസ്റ്റ് കനാലിന് സമീപത്തു നിന്നും 750 ലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
ഈ ഭീമൻ ബോംബിൽ 2400 കിലോഗ്രാം സ്ഫോടക വസ്തുവാണ് ഉപയോഗിച്ചിരുന്നതെന്ന് അധികൃതർ പറയുന്നു.
സ്ഫോടനം നടക്കുമ്പോൾ നിർവീര്യമാക്കൽ പ്രക്രിയയിൽ ഏർപ്പെട്ട മുങ്ങൽ വിദഗ്ധരെല്ലാം അപകട പരിധിയ്ക്ക് പുറത്തായതിനാലാണ് ആളപായം ഒഴിവായത്.
പോളണ്ടിൽ നിന്ന് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ബോംബായിരുന്നു ഇത്.

