തൃശൂര്‍: ജയില്‍ വകുപ്പിന്‍റെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഭൂരിപക്ഷം പേര്‍ക്കും ഡ്യൂട്ടിയലുണ്ടായിരുന്നവരുടെ മര്‍ദ്ദനം ഏറ്റിരുന്നതായി പോലീസ്. അമ്പിളിക്കലയിലെ മര്‍ദ്ദനം സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമാക്കുന്ന മൊഴികള്‍ ലഭിച്ചത്.
അതേസമയം മോഷണത്തിന്‍റെ പേരില്‍ അമ്പിളിക്കലയിലെത്തിയ 17 കാരനെ മര്‍ദ്ദിച്ചത് ജാമ്യമില്ലാത്ത കുറ്റമാണ്. ഈ വകുപ്പ് ചേര്‍ത്താണ് കേസെടുക്കുക. ജയില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണ്ടാത്തതിനാല്‍ അതിനുളള നടപടികളിലേക്ക് നീങ്ങുകയാണ് പോലീസ്.
അമ്പിളിക്കലയില്‍ 2020 സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 4 വരെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 24 പേരുടെ മൊഴിയാണ് പോലീസ് ശേഖരിച്ചത്. ഇതില്‍ 19 പേര്‍ക്കും മര്‍ദ്ദനമേറ്റിരുന്നതായി മൊഴി നല്‍കി. അമ്പിളിക്കലയില്‍ മരിച്ച ഷെമീറിനൊപ്പമുണ്ടായിരുന്ന ജാഫര്‍ഖാന്‍റെ മൊഴി മാത്രണ് ഇനി ശേഖരിക്കാനുളളത്. ഷെമീര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തും.

