അമരാവതി: സര്‍ക്കാരിനെതിരായ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പി നേതാക്കള്‍ നടത്തിയ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കി ആന്ധ്ര ഹൈക്കോടതി. എട്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
ചില വൈ.എസ്.ആര്‍.സി.പി നേതാക്കള്‍ ജുഡീഷ്യറിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ജനാധിപത്യത്തിന് അപകടകരമാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.അന്വേഷണത്തില്‍ സിബിഐ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തു. വൈ.എസ്.ആര്‍.സി.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 49 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലെ നേതാക്കളുടെ പോസ്റ്റുകള്‍ ആക്ഷേപകരമാണെന്ന് ആരോപിച്ച് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.