തൊടിയൂര്‍: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയും പോസിറ്റീവാകുന്നവരെ ആശുപത്രിയില്‍ പ്രപേശിപ്പിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തൊടിയൂരില്‍ ഗൃഹചികിത്സാ പദ്ധതിക്ക് തുടക്കമിട്ടത്. പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെറീഫിന്‍റെ മേല്‍ നോട്ടത്തില്‍ 58 പേര്‍ക്ക് ഇതിനോടകം വീടുകളില്‍ തന്നെ ചികിത്സ നല്‍കി. ഇതില്‍ 25 പേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രോഗമുക്തി നേടി.
കിടപ്പിലായ 82 കാരിയും 72 കാരിയും ഒന്നര വയസുളള പെണ്‍കുട്ടിയും ഈ പട്ടികയിലുണ്ട്. ദിവസവും മൂന്നുപ്രാവശ്യം വീഡിയോ കോള്‍ വഴി രോഗികളെ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മരുന്നുകള്‍ വീട്ടില്‍ എത്തിച്ച് നല്‍കുന്നതിനുളള ഏര്‍പ്പാടുകളും ചെയ്തിരുന്നു.
07.10.2020 ബുധനാഴ്ചത്തെ പരിശോധനയില്‍ പോസിറ്റീവായ 21 പേരില്‍ 19 പേരെയും ഗൃഹചികിത്സയിലാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,ജൂണിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സുമാര്‍,ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഗൃഹ ചികിത്സാ പദ്ധതിയില്‍ ഡോക്ടര്‍ക്കൊപ്പം പങ്കുചേരുന്നു.