ന്യൂ ഡൽഹി: കോവിഡ് 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള ദേശീയ ചികിത്സാ നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പുറത്തിറക്കി. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ ശ്രീപദ് യശോ നായികിന്റെ സാന്നിധ്യത്തിൽ വെർച്വലായാണ് പ്രകാശനം നടത്തിയത്. നിതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ, നിതി ആയോഗ് അംഗം ( ആരോഗ്യം) ഡോ. വി കെ പോൾ എന്നിവരും പങ്കാളികളായി.
നാഷണൽ ക്ലിനിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോൾ കോവിഡ് -19 ൽ ആയുർവേദ- യോഗ ഇടപെടലുകൾ സംയോജിപ്പിക്കുന്നതിന് ഐസിഎംആർ മുൻ ഡയറക്ടർ ജനറൽ ഡോ. വി എം കഠോച് അധ്യക്ഷനായ വിദഗ്‌ധരടങ്ങിയ ഒരു ഇന്റർ ഡിസിപ്ലിനറി കമ്മിറ്റി ലഭ്യമായ പരീക്ഷണ–- ആരോഗ്യ വിവരങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ട് തയാറാക്കി നിർദേശങ്ങൾ സമർപ്പിച്ചു.
മരുന്നുകളുടെ സുരക്ഷയും ഗുണങ്ങളും വ്യക്‌തമാക്കുന്ന ഈ കണ്ടെത്തലുകൾ കോവിഡ് -19 നാഷനൽ ടാസ്‌ക് ഫോഴ്‌സിനും ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പിനും മുന്നിൽ അവതരിപ്പിക്കുകയും നിതി ആയോഗിന്റെ ശുപാർശകളെ അടിസ്ഥാനമാക്കി മാർഗരേഖയായി വികസിപ്പിക്കുകയും ചെയ്തു.
ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ആയുഷ് മന്ത്രാലയം ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ), ജാംനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇന്‍ ആയുര്‍വേദ (ഐപിജിടിആർഎ), ജയ്പൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എൻഐഎ), സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎസ്), സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപതി (സിസിആർവൈഎൻ) എന്നിവയും മറ്റ് ദേശീയ ഗവേഷണ സ്ഥാപനങ്ങളും ചേർന്ന് ആയുർവേദവും യോഗയും അടിസ്ഥാനമാക്കി കോവഡ് 19 ദേശീയ ആരോഗ്യ നിയന്ത്രണ മാർഗരേഖ തയ്യാറാക്കി.
ആരോഗ്യ സെക്രട്ടറി എസ്. രാജേഷ് ഭൂഷൺ, (ആയുഷ്) സെക്രട്ടറി വൈദ്യ രാജേഷ് കഠോച്, ആയുഷ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.