ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ 19കാരിയായ ദലിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം. പെണ്‍കുട്ടി ചികിത്സയിലിരുന്ന സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട നാലുപേര്‍ക്കും തക്കതായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീം ആര്‍മി പ്രതിഷേധിച്ചത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മുന്നിലുള്ള റോഡ് പ്ലക്കാര്‍ഡുകളും മെഴുകുതിരികളുമായി പ്രതിഷേധക്കാര്‍ തടഞ്ഞു, ”ഫാന്‍സി ദോ (അവരെ തൂക്കിക്കൊല്ലുക)” എന്ന മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
‘നിര്‍ഭയ സംഭവം നടന്നപ്പോള്‍ ഞങ്ങള്‍ തെരുവിലായിരുന്നു. ഇപ്പോഴും ഞങ്ങള്‍ തെരുവിലാണ്. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്ക് നീതി വേണം’- ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ബലം പ്രയോഗിച്ചു. പ്രതികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളില്‍ അക്രമാസക്തരായ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലും മറ്റ് പ്രധാനപ്പെട്ട മേഖലകളിലും വന്‍ സുരക്ഷാ സന്നാഹങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
യുവതിയെ രണ്ടാഴ്ച മുമ്പാണ് സവര്‍ണ്ണ ജാതിയില്‍ പെട്ട പുരുഷന്മാര്‍ ആക്രമിച്ചത്. യുവതിക്ക് ഗുരുതരമായ പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു നട്ടെല്ല് ഒടിഞ്ഞത് ഉള്‍പ്പെടെ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നു, നാവ് അറ്റുപോയിരുന്നു.ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് വൈദ്യചികിത്സ വൈകിയെന്ന ആരോപണവും പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് വൈകിയതുമാണ് പ്രതിഷേധത്തിനിടയാക്കിയത്.