40 ദിവസം പ്രായമുളള കുഞ്ഞിന്റെ മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചതിനു ശേഷം വെള്ളത്തില്‍ മുക്കിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: : തിരുവല്ലം പളളത്ത് കടവില്‍ 40 ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്ന കേസിൽ കുഞ്ഞിന്റെ മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ച ശേഷമാണ് വെള്ളത്തില്‍ മുക്കിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയിട്ടുള്ളതായി പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടര്‍, തിരുവല്ലം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.സജികുമാറിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിന് കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു.

പനയമുട്ടം കുഴിനട പണയില്‍ ചിഞ്ചുവിന്റെ മകള്‍ ശിവഗംഗ എന്ന കുഞ്ഞിനെയാണ് അച്ഛന്‍ പാച്ചല്ലൂര്‍ പാറയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (24)​ കൊലപ്പെടുത്തിയത്.

Read more… 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു

ഭാര്യ ചിഞ്ചുവിനെ ഒഴിവാക്കാനാണ് കുഞ്ഞിനെ കൊന്നത് എന്നാണ് ഉണ്ണികൃഷ്ണൻ്റെ മൊഴി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായക്കൂടുതലുള്ള ചിഞ്ചുവുമായി ഉണ്ണിക്കൃഷ്ണൻ ബന്ധം പുലർത്തിയതിനോട് വീട്ടുകാർക്ക് എതിർപ്പായിരുന്നു. കുഞ്ഞു ജനിച്ചതിന് ശേഷവും ചിഞ്ചു സ്വന്തം വീട്ടിൽ തന്നെ കഴിയുകയായിരുന്നു. എന്നാൽ കുഞ്ഞിനെ കാണുമ്പോൾ വീട്ടുകാരുടെ എതിർപ്പ് മാറുമെന്ന് പറഞ്ഞ് ചിഞ്ചുവിനെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോയ ഉണ്ണികൃഷ്ണൻ ചിഞ്ചുവിനെ പാതി വഴിയിൽ നിർത്തി കുഞ്ഞുമായി കടന്നു കളയുകയായിരുന്നു. പിന്നീട് കുഞ്ഞിനെ പുഴയിലെറിഞ്ഞു. ഇയാളെ കാണാതെ ചിഞ്ചു പോലീസിൽ പരാതി നൽകി.നാട്ടുകാരിൽ ചിലർ ഉണ്ണികൃഷ്ണനെ കരമനയാറിന് സമീപം കണ്ടതാണ് ഇയാളെ വേഗത്തിൽ കുടുക്കിയത്.

പ്ലാസ്റ്റിക് ബാസ്കറ്റില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കഴിഞ്ഞ 24-9 -2020 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ കരമന ആറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം ചിഞ്ചുവിന്റെ അച്ഛന്‍ ജയകുമാര്‍ മൃതദേഹം ഏറ്റുവാങ്ങി. നെടുമങ്ങാട് പനയമുട്ടത്തെ കുടുംബവീട്ടുവളപ്പില്‍ സംസ്കാരം നടത്തി. പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കുഞ്ഞിനെ വെളളത്തിലെറിഞ്ഞ കരമനയാറിന്റെ ഭാഗമായ തിരുവല്ലം മഠത്തേനട പളളത്ത് കടവിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഫോറന്‍സിക് യൂണിറ്റിലെ സയന്റിഫിക് ഓഫീസര്‍ ആര്‍.ആര്‍. രഞ്ചുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് സംഘം മണ്ണും വെളളവും മറ്റ് വസ്തുക്കളും ശേഖരിച്ചു. തിരുവല്ലം എസ്.ഐ മാരായ എ.മനോഹരന്‍,ടി.സജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →