ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രതിനിധികളായ എംപിമാര്‍, എംഎല്‍ എമാര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ അടക്കമുളള കേസുകളില്‍ ചാര്‍ജ് ചെയ്തിട്ടുളള 200 ലധികം കേസുകള്‍ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നതായി വിവരം.
ആദായനികുതി നിയമം, കമ്പനീസ് ആക്ട്, ആയുധ നിരോധന നിയമം, എക്‌സൈസ് ആക്ട്, എന്‍ജിപിഎസ് നിയമം എന്നിവ പ്രകാരമുളള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സിറ്റിംഗ് അല്ലെങ്കില്‍ മുന്‍ എംപിമാരും എംഎല്‍എമാരും അടക്കം 12 ലധികം കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടപ്പുണ്ട്. അഴിമതി നിരോധന നിയമം 1988 പ്രകാരം 175 കേസുകളാണ് ഇത്തരത്തില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നത്. തീര്‍പ്പാകാതെ കിടക്കുന്നവയില്‍ 14 കേസുകള്‍ കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമുളളതാണെന്നും അമിക്കസ് ക്യൂറിയായി നിയമിതനായ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ സുപ്രീം കോടതിയില്‍ പറഞ്ഞു.
ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയുളള എല്ലാകേസുകള്‍ക്കും ഓരോ പ്രത്യേക കോടതികള്‍ ഉണ്ട്. തെലങ്കാനയില്‍ ഈ പ്രത്യേക കോടതിക്കു പുറമേ സിബിഐ പ്രത്യേക കോടതിയുടെ പരിഗണനയിലുളള സമാന കേസുകളും തീര്‍പ്പാവാതെയിരിക്കുന്നുണ്ട്. മറ്റുളള സംസ്ഥാനങ്ങളില്‍ അതത് അധികാര പരിധിയിലുളള കോടതികളിലാണ് തീര്‍പ്പു കല്‍പ്പിക്കപെടാതെ ഇരിക്കുന്നത്.
എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍, പിസിഎ, പിഎംഎല്‍എ, പോക്‌സോ, പട്ടിജാതി – പട്ടിക വര്‍ഗ്ഗനിയമം കമ്പനീസ് ആക്ട് എന്നിവപ്രകാരമുളള കേസുകളില്‍ അതിവേഗ വിചാരണാ നടപടികള്‍ക്കുളള സംവിധാനം ഒരുക്കണമെന്ന് അമിക്കസ് ക്യൂറി ഹന്‍സാരിയ റിപ്പോപ്പോര്‍ട്ടു ചെയ്യുന്നു. അത്തരം എല്ലാ കേസുകള്‍ക്കും ഹൈക്കോടതികള്‍ക്ക് ഒരു ജുഡീഷ്യല്‍ ഓഫീസറെ നിയമിക്കാമെന്ന് ഹന്‍സാരിയാ നിര്‍ദ്ദേശിച്ചു. അങ്ങനെ നിയമിക്കുന്ന ഓഫീസര്‍മാര്‍ക്ക് 2 വര്‍ഷ കാലാവധി നല്‍കാമെന്നും അദ്ദഹം വ്യക്തമാക്കി.
1983 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരെയുളള കേസ് 36 വര്‍ഷത്തിനുശേഷം വിചാരണ കോടതി കുറ്റം ചുമത്തിയ സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. 1983 ല്‍ ഡോക്ടര്‍ സുദര്‍ശന്‍ കുമാര്‍ ട്രെഹാന്‍ കൊലക്കേസിലാണ് കുറ്റം ചുമത്താന്‍ 36 വര്‍ഷം താമസിച്ചത്. ശിരോമണി അകാലിദള്‍ മുന്‍ എംഎല്‍എ വിര്‍സ സിംഗ് വോള്‍ട്ടോഹയെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കൂട്ടുപ്രതിയുടെ കുറ്റസമ്മതത്തെ തുടര്‍ന്നാണ് മുന്‍ എംഎല്‍എ ക്കെതിരെ കുറ്റം ചുമത്തിയത്.

