പാലത്തായി പീഡന കേസിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ഭാവനയിൽ കഥ മെനഞ്ഞെടുത്ത് അവതരിപ്പിക്കുന്ന സ്വഭാവം ഉണ്ട് എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ മനശാസ്ത്രജ്ഞർ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് .
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശം അനുസരിച്ചാണ് പ്രതിയെ പോക്സൊ കുറ്റത്തിൽ നിന്നും ഒഴിവാക്കിയത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ വസ്ത്രത്തിന്റെ ഫോറൻസിക് പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.
92 സാക്ഷികളെ ഇതിനോടകം ചോദ്യം ചെയ്തു. ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. ഉറക്കമില്ലായ്മ, ക്രമമല്ലാത്ത ഭക്ഷണരീതി, ക്ഷീണം എന്നീ പ്രശ്നങ്ങൾ ഈ കുട്ടി അനുഭവിക്കുന്നുണ്ടെന്ന് കൗൺസിലർമാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. മൂഡ് അതിവേഗം മാറുന്ന ശീലം, നുണ പറയുന്ന സ്വഭാവം, വേഗത്തിൽ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം, പെട്ടെന്ന് ടെൻഷനടിക്കുന്ന സ്വഭാവം എന്നിവയും അരക്ഷിതാവസ്ഥയും കുട്ടി അനുഭവിക്കുന്നുണ്ട്.