സ്വപ്നത്തിൽ വന്ന് അവൾ ചോദിച്ചു, “സുഖാണോ” ബിജി ബാൽ

കൊച്ചി: പുലർകാല സുന്ദര സ്വപ്നത്തിൻ്റെ നഷ്ടബോധം പങ്കുവെച്ച് ബിജിബാൽ . സ്വപ്നത്തിൽ അടുത്തുവന്ന ഭാര്യയും താനുമായുള്ള സംഭാഷണമാണ് ഹൃദയഹാരിയായി ബിജി ബാൽ ഫേസ് ബുക്കിൽ പങ്കുവെക്കുന്നത്. മലയാളത്തിലെ മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സംഗീത സംവിധായകനാണ് ബിജി ബാൽ .അറബിക്കഥ എന്ന് ശ്രീനിവാസൻ ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ പ്രതിഭയാണ് അദ്ദേഹം. അകാലത്തിൽ വേർപിരിഞ്ഞ ഭാര്യയെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് .

ബിജിബാലിൻ്റെ കുറിപ്പ്

ജൂലൈയിലെ ഒരു തോരാപെരുമഴ ദിവസം തണുപ്പുള്ള വെളുപ്പാങ്കാലം കണ്ട സ്വപ്നം

പരിചിതമല്ലാത്ത ഏതോ നഗരത്തിലെ ഭംഗിയുള്ള ഒരു വാക്‌വേ. ചുവന്ന ഇലകൾ, ചിലവ പഴുത്തു പകുതിയോളം മഞ്ഞ നിറമായവ, വീണ് കിടക്കുന്ന, വിജനമൂകമായ വാക്‌വേ. പതിവുപോലെയല്ലാതെ വാക്‌വേയിൽ വഴിതടസപ്പെടുത്തി വട്ടമിട്ടു ഒരു സിമന്റ് ബെഞ്ചിൽ ഒരുവൻ. അവന്റെ ചിന്തയിലെന്ന പോലെ പഴയ ചിത്രകഥയെ ഓർമിപ്പിച്ച് ഒരു സ്മൃതിവൃത്തത്തിൽ അവൾ വന്നു ചോദിച്ചു. ‘സുഖാണോ’.

‘ഉം സുഖാണ്’. നിനക്കോ’.

അവൾ : ‘എനിക്ക് സുഖാണ്’.
അവൻ : ‘എന്റെ സൗഖ്യം നീ അറിയാറുണ്ടോ’
അവൾ : ‘പിന്നെ അറിയാനെന്താ ബുദ്ധിമുട്ട്, കാണാല്ലോ, എന്നെ കാണാറുണ്ടോ?’
അവൻ : എങ്ങനെയൊക്കെയോ കാണാറുണ്ട്. പല രീതിയിൽ. ഒരു രീതിയിലല്ല പിന്നെ കാണുക.

വൃത്തത്തിൽ നിന്ന് ഊർന്ന് അവൾ അവന്റെ അടുത്ത് ബെഞ്ചിൽ ഇരുന്നു. അവൻ നോക്കിയപ്പോൾ അവളുടെ മുഖം തൊട്ടടുത്ത്. ഏതോ Mobile Appൽ ഡിസൈൻ ചെയ്ത പോലെ പലനിറങ്ങളും രേഖകളും ആയി ഒരു ഡിജിറ്റൽ രൂപം ആയി അവനു തോന്നി. സ്വയം അങ്ങനെത്തന്നെയാണോ എന്ന് അവൻ ഓർത്തതുമില്ല. അവളുടെ കണ്ണിൻ കണ്ണാടിയിൽ അവൻ എന്റെ മുഖം കണ്ടു.

അവൾ : ‘സുന്ദരമായി കാണാൻ പറ്റും. നോക്കൂ, നമ്മൾ ഒരു പാട് മിണ്ടിയില്ലെ. ഒരുപാട് ആലോചനകൾ പങ്കുവച്ചില്ലേ. നമ്മുടെ ബോധം ആണത്. അവ പോകില്ല. ആകെയുള്ള ബോധമണ്ഡലത്തിൽ എന്റേത് കൃത്യമായി നിന്റേതിൽ സൂക്ഷ്മതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കും. അവയ്ക്ക് എന്റെ രൂപം കൊടുക്കു. നിനക്ക് നിന്നെക്കാൾ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ. നമുക്ക് മിണ്ടാം. എന്തും എപ്പോ വേണെങ്കിലും.’

ഞാൻ : ‘തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ചെയ്യുന്നത് അതുതന്നെ. നിന്റെ ശബ്ദം അതേപടി ഞാനെന്നിൽ കേൾക്കാറുണ്ട്. 7.1 മിഴിവിൽ.’

അവൾ : ‘ഹാപ്പി ആയിട്ടിരിക്കണേ.’

ഞാൻ : ‘ഉറപ്പായും. അതല്ലേ നീ എപ്പോഴും പറയാറ്.’

ബിജിബാലിന്‍റെ ഭാര്യ ശാന്തി നർത്തകിയായിരുന്നു. 2017ൽ മരണമടഞ്ഞ ഭാര്യയുടെയും തൻ്റെയും ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.. ദേവദത്ത്, ദയ എന്നിവരാണ് ഇവരുടെ മക്കള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →