പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മുസ്ലീം ലീഗ് നേതാവ് ചേക്കാലി റസാഖിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. 12 വയസ്സുകാരനായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിനാണ് പരപ്പനങ്ങാടി പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
പഠനോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. റസാഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്‍കിയതായി സബ് ഇന്‍ സ്പെക്ടര് രാജേന്ദ്രന് നായര്‍ പറഞ്ഞു. കുട്ടിയെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി മൊഴിയെടുക്കുമെന്നും അതിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും എസ് ഐ അറിയിച്ചു.
അതേസമയം സംഭവം വാസ്തവ വിരുദ്ധമാണെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കയച്ച വീഡിയോ ക്ലിപ്പിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴിയും ലീഗ് നേതാവ് നിഷേധിച്ചു. തന്റെ സഹോദരന്റെ മരണത്തെ തുടര്‍ന്ന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ നല്‍കിയിരുന്നെന്നും ഈ കുട്ടിയടക്കം ലഭിക്കാഞ്ഞ ചില കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അങ്ങനെയാണ് കുട്ടി വീട്ടിലെത്തിയതെന്നും കുട്ടിക്ക് പുസ്തകങ്ങള്‍ എടുക്കാനായി താന്‍ വീടിനുളളിലേക്ക് പോയി തിരികെ വന്നപ്പോള്‍ മേശമേല്‍ കാല് കയറ്റി വച്ചിരുന്നതായി കണ്ട കുട്ടിയെ ശകാരിച്ചിരുന്നതായും റസാഖ് പറഞ്ഞു.
അത് കുട്ടിക്ക് മനപ്രയാസത്തിന് കാരണമുണ്ടാക്കിയതാവാം തനിക്കെതിരെ ആരോപണത്തിന് കാരണം. കൂടാതെ തന്റെ രാഷ്ട്രീയ എതിരാളികളായ ചില ഡിവൈഎഫ് ഐ നേതാക്കളും പരാതിക്കു പിന്നില്‍ പ്രവര്ത്തിച്ചിട്ടുളളതായും നേതാവ് പറഞ്ഞു