ന്യൂഡൽഹി: പ്രതീക്ഷയുടെ വെളിച്ചം നല്കി പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്തിന്റെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്ന കോവിഡ് 19 എന്ന മാഹാമാരിയെ നേരിടാനുളള വാക്സിന് കണ്ടെത്തുക എന്നതിലാണ് മുഴുവന്‍ ലോകത്തിന്റെയും ശ്രദ്ധയും കാത്തിരിപ്പും. അതിനിടയിലാണ് പ്രതീക്ഷയുടെ പുത്തന്‍ വെളിച്ചവുമായി പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കടന്നുവരവ്. അതില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു പേരുണ്ട്. പുരുഷോത്തമന് നമ്പ്യാര്‍ എന്ന കണ്ണൂരുകാരന്.
ലോകത്തിലാദ്യമായി ചൈനയില്‍ കോവിഡ് കടന്നുവന്നപ്പോള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളിലൊന്നായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിരോധ മരുന്നിനുളള ഗവേഷണവുമായി മുന്നോട്ടുവന്നിരുന്നു. ബ്രിട്ടിഷ് കമ്പനിയായ അസ്പ്രാ സെനിക്കാ പ്രൊഡക്ട്സിന്റെ സഹായത്തോടെ ഓക്സ് ഫോര്‍ഡ് സര്‍വ്വകലാ ശാലയാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ഇതിന്റെ സാങ്കേതിക പരിജ്ഞാനം 150 കോടി രൂപ കൊടുത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാങ്ങുകയായിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്തിവരുകയാണ്. നവംബറില്‍ വാക്സിന് എത്തിക്കാനുളള അവസാന ഘട്ട പരീക്ഷണങ്ങളിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അങ്ങനെ ലോകത്തിന്റെ രക്ഷകരാകാനുളള അപൂര്‍വ്വ ഉദ്യമത്തില്‍ പുരുഷോത്തമന് നമ്പ്യാരുടെ പങ്കും ഏറെ വലുതാണ്. 1990 ജനുവരി 1 – നാണ് നമ്പ്യാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. ഇപ്പോള്‍ അദ്ദേഹം കമ്പനിയുടെ എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് തലവനാണ്.
ഇന്ത്യയില്‍ 5000 പേരില്‍ പരീക്ഷണം നടത്താനുളള അനുവാദത്തിനായി സിറം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. എവിടെ , എപ്പോള്‍, എങ്ങനെയൊക്കെ പരീക്ഷണം നടത്തണം എന്നൊക്കെ തീരുമാനിക്കുന്നതും അതിനുളള പ്രോട്ടോക്കോള്‍ ഉണ്ടാക്കുന്നതും എല്ലാം കേന്ദ്രസര്‍ക്കാരാണ്. പരീക്ഷണത്തിന്റെ ഫലമറിയാന്‍ 45 ദിവസം പിടിക്കും. തുടര്‍ന്ന് മരുന്നിന് ഡ്രഗ്ഗ്കണ്ട്രോളര് ജനറലും, കേന്ദ്രസര്‍ക്കാരും അനുവാദം നല്‍കണം. അതിനുശേഷം മരുന്ന് വിപണനം ചെയ്യാനുളള അനുവാദവും ലഭിക്കണം. ഒക്ടോബര്‍ അവസാനത്തോടെയോ, നവംബറിലോ വാക്സിന് നിര്മ്മിച്ചുതുടങ്ങാം. കേന്ദ്രസര്‍ക്കാര്‍ ഇത് വാങ്ങി ഇന്ത്യയില്‍ എല്ലാവര്ക്കും സൗജന്യമായി കൊടുക്കുമെന്നാണ് കരുതുന്നത്. ആദ്യം കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്നെ പ്രായാധിക്യത്തിലെത്തിയവര്‍ക്കും രോഗസാദ്ധ്യയുളളവര്ക്കുമാണ് വാക്സിന് നല്‍കുക.
പ്രതിമാസം പത്തുകോടി വാക്സിന് നിര്‍മ്മിക്കും. പത്തുമാസത്തിനുളളില് 100 കോടി വാക്സിന്. ഓക്സ് ഫോര്‍ഡുമായി സഹകരിച്ചുളള വാക്സിന് പരീക്ഷണമല്ലാതെ മറ്റ് അഞ്ച് ടെക്നോളജികള്‍ ഉപയോഗിച്ചുളള വാക്സിന് പരീക്ഷണങ്ങളുൂം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. ഇതിനോടൊപ്പം കോഡജെനിക്സ് എന്ന അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് മറ്റൊരു ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. മീസില്സിനായി ഉണ്ടാക്കിയ വാക്സിനില്‍ കോവിഡ് വൈറസിന്റെ ജനിതകഭാഗം സംയോജിപ്പിച്ച് വാക്സിന് ഉണ്ടാക്കുന്നതാണ് മറ്റൊന്ന്. ഈ രണ്ട് പരീക്ഷണങ്ങളും സിറം സ്വന്തമായാണ് ചെയ്യുന്നത്. അമേരിക്കയിലെ എംഐ.ടിയുമായി ചേര്‍ന്ന് ഒരേസമയം പ്രതിരോധ മരുന്നും കോവിഡിനുളള മരുന്നും ഉണ്ടാക്കാനും ശ്രമമുണ്ട്. വൈറസിന്റെ ജനറ്റിക്കല്‍ സ്ട്രക്ച്ചര്‍ മനസിലാക്കി അതിനെ നശിപ്പിക്കാനുളള മരുന്നുണ്ടാക്കുക എന്നുളളത് വളരെ ബുദ്ധിമുട്ടാണ്. മരുന്നിന് വൈറസിന്റെ വീര്യം കുറക്കാനെ കഴിയൂ. പൂര്‍ണ്ണമായി നശിപ്പിക്കാന്‍ കഴിയില്ല. ഇവര്‍ രോഗ ചികിത്സക്കുളള ടാബ്ലറ്റുകളാണ് ഉണ്ടാക്കുക. പ്രതിരോധ മരുന്ന് കഴിച്ചാല്‍ വൈറസ് ശരീരത്തില്‍ കടക്കുമ്പോഴേക്കും അതിന്റെ വീര്യത്തെ നശിപ്പിക്കാന്‍ കഴിയും. അതോടെ വൈറസ് കടന്നാലും മറ്റുശരീരഭാഗങ്ങളെ ആക്രമിക്കാന്‍ കഴിയില്ല. വാക്സിന് നിര്‍മ്മിക്കുന്ന കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത് മുമ്പ് സൂചിപ്പിച്ച മലയാളി പുരുഷോത്തമന് നമ്പ്യാരാണ്. ജീവിതം കരുപ്പിടിപ്പിക്കാനുളള സ്വപ്നങ്ങളുമായിട്ടാണ് കണ്ണൂരില്‍ നിന്നും പുരുഷോത്തമന് മുംബയ്ക്ക് വണ്ടി കയറുന്നത്.
പാരമ്പര്യമായി ആതുരസേവനമായിരുന്നു കുടുംബത്തിന്റെ മുഖമുദ്ര എന്നുതന്നെ പറയാം. മുത്തച്ഛന് ഈറേത്ത് ഗോപാലന് എഴുത്തച്ഛന് കണ്ണൂര്‍ ചെറുകുന്നില്‍ പി.ജി.നമ്പ്യാര്‍ ഔഷധാലയം എന്ന പേരില്‍ ഒരു ഔഷധശാല നടത്തിയിരുന്നു. അച്ഛന് രാഘവന് നമ്പ്യാര്‍ കഷായങ്ങളും എണ്ണകളും ഒക്കെയായി വിവിധതരം ഔഷധങ്ങള്‍ അവിടെ തന്നെ ഉണ്ടാക്കുകയും ധാര, പിഴിച്ചില്‍, ഉഴിച്ചില്‍ തുടങ്ങി പഞ്ചകര്‍മ്മ ചികിത്സയും മറ്റ് ആയുര്‍വേദ ചികിത്സയും ഒക്കെ അവിടെ നടത്തിവന്നിരുന്നു. പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ വൈദ്യശാലയില്‍ പോയി വൈദ്യം പഠിച്ച് അവിടെത്തന്നെ കുറച്ചുകാലം പ്രൊഫസറായി ജോലി ചെയ്യുകയും ചെയ്തു. ആയുര്‍ വേദത്തിന്റെ പ്രസക്തി കാലക്രമേണ കുറയുകയും കുടുംബത്തിനുണ്ടായിരുന്ന ഭൂമിയെല്ലാം കുടിയാന്മാരക്ക് കൊടുക്കേണ്ടിവരുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ പുരുഷോത്തമന്റെ മുമ്പില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി. ഇതേതുടര്‍ന്ന് മുംബൈയിലുളള അമ്മാവന്റെ അടുക്കലേക്ക് വണ്ടി കയറുകയായിരുന്നു. അമ്മാവന്റെ അടുത്ത് 5 വര്‍ഷം ജോലി ചെയ്തശേഷം പൂനയിലെത്തി, അവിടെനിന്ന് കൊമേഴ്സില്‍ ബിരുദവും പിന്നീട് നിയമ ബിരുദവും നമ്പ്യാര്‍ കരസ്ഥമാക്കി. ആ കാലയളവില്‍ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ട്രേഡില്‍ നിന്ന് പി ജി കരസ്ഥമാക്കു കയും ചെയ്തു. ഐഎംഡിആര്‍, പൂനെ സിംബയോസിസ്, പൂനെ യൂണിവേഴ്സിറ്റി, എന്നിവയുടെ ഫോറിന് ട്രേഡ് സിലിബസ് തയ്യാറാക്കിയതും പിന്നില്‍ പ്രവര്‍ത്തിച്ചതും പുരുഷോത്തമന് നമ്പ്യാരാണ്. പല കോളേജുകളിലും വിസിറ്റിംഗ് ഫാക്കല്‍റ്റിയാണ്. പുരുഷോത്തമന് നമ്പ്യാര്‍ സിറത്തിലെത്തിയ ശേഷമാണ് കമ്പനി കയറ്റുമതി തുടങ്ങിയതും ഫോറിന് ട്രേഡിലും പ്രീസോണിലും വിദഗ്ദനായ നമ്പ്യാരുടെ കമ്പനി പ്രവേശനം കമ്പനിയെ ഉന്നതങ്ങളിലെത്തിച്ചു. ആദ്ദേഹത്തിന്റെ സേവനം തുടങ്ങുമ്പാള്‍ 900 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 5400 ആയി. 170 രാജ്യങ്ങളില്‍ സിറം ഇന്സ്റ്റ്റ്റ്യൂട്ടിന് വിപണനശൃംഖലകളുണ്ട്. എന്തായാലും കോവിഡ് 19 വാക്സിന്റെ ഉത്പ്പാദനം ആരംഭിക്കുന്നതോടെ പുരുഷോത്തമന് നമ്പ്യാരുടെ പേര് ലോകത്തിന്റെ നെറുകയിലെത്തും. എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാം ഈ മലയാളിയില്‍ .

