ഹൈദരാബാദ്: കൊറോണയ്ക്കു മുന്നില്‍ സര്‍ക്കാരുകള്‍ മനുഷ്യാവകാശങ്ങള്‍ കൈവിടുകയാണോയെന്ന ആക്ഷേപം ഉയരുകയാണ്. കൊവിഡ് ബാധിച്ച് മരിച്ച 50 പേരുടെ മൃതദേഹങ്ങള്‍ ഹൈദരാബാദില്‍ കൂട്ടമായി കത്തിച്ചു. ഹൈദരാബാദ് ഇഎസ്‌ഐ ആശുപത്രിയുടെ ശ്മശാനത്തിലാണ് ഇത്രയും മൃതദേഹങ്ങള്‍ ഒന്നിച്ച് കൂട്ടിയിട്ട് സംസ്‌കരിച്ചത്. ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും മൂലമാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇവര്‍ ഒരു ദിവസം മരിച്ചവര്‍ മാത്രമല്ലെന്നും രണ്ടുമൂന്ന് ദിവസം മുമ്പ് മരിച്ചവരും ഇക്കൂട്ടത്തിലുണ്ടെന്നും അധികൃതര്‍ പറയുന്നു.
അതേസമയം, സര്‍ക്കാര്‍ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടുന്നില്ല എന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. മേഖലയില്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് ഏഴ് മാത്രമാണ്. എന്നാല്‍, ഇഎസ്‌ഐ ആശുപത്രിയുടെ ശ്മശാനത്തില്‍ മുപ്പതിലധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയെ നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കണക്കുകള്‍ തെറ്റായി അവതരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെലങ്കാനയില്‍ മാത്രം കോവിഡ് ബാധിതര്‍ 50,000 കടന്നിരിക്കുകയാണ്. ഹൈദരാബാദ് മേഖലയില്‍ സ്ഥിതി രൂക്ഷമാണ്.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കണമെന്നാണ് അന്താരാഷ്ട്ര ചട്ടം. ജഡം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്താല്‍ വീടുകളിലേക്ക് കൊണ്ടുപോവുകയും നാട്ടുകാര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മേഖലയില്‍ രോഗാണുവ്യാപനം ഉണ്ടായെന്നിരിക്കും. ഇത് ഒഴിവാക്കാനാണ് അവശ്യം വേണ്ട മുന്‍കരുതലുകളെടുത്ത് സ്റ്റേറ്റിന്റെ മേല്‍നോട്ടത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നത്. അത് ജീവനക്കാരില്ല, വാഹനസൗകര്യമില്ല എന്നൊക്കെ പറഞ്ഞ് മൃതദേഹത്തോട് അനാദരവ് കാട്ടുന്നത് ന്യായീകരിക്കാനാവില്ല. തീര്‍ച്ചയായും മാന്യമായ സംസ്‌കാരം ഈ മൃതദേഹങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.