എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ സജ്ജമാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകൾക്കായി (എഫ്.എല്‍.ടി.സി) എളുപ്പത്തില്‍ സജ്ജീകരിക്കാൻ സാധിക്കുന്ന കോറുഗേറ്റഡ് (കാർഡ് ബോർഡ്) കട്ടിലുകൾ ലഭ്യമാക്കി. ആദ്യഘട്ടത്തില്‍ 20 പഞ്ചായത്തുകൾക്കാണ് ഇവ കൈമാറിയത്.
ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദ്ദേശപ്രകാരം ബാംഗ്ലൂരില്‍ നിന്നുമെത്തിച്ച മടക്കി സൂക്ഷിക്കാനും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നതുമായ ഈ കട്ടിലുകൾക്ക് ഒരു വര്‍ഷത്തെ വാറന്റിയുമുണ്ട്. 820 രൂപയാണ് ഒരു കട്ടിലിന്റെ ചെലവ്. 1500 കട്ടിലുകൾ ജില്ലയിലെ വിവിധ എഫ്.എല്‍.ടി.കൾക്കായി കൈമാറും.
മന്ത്രി വി. എസ് സുനില്‍കുമാര്‍, ജില്ലാ കളക്ടർ, റൂറൽ എസ്പി കെ കാർത്തിക്ക്, ഡി സി പി പൂങ്കുഴലി എന്നിവർ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല സംഭരണ കേന്ദ്രത്തിലെത്തി കട്ടിലുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ പരിശോധിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6408/First-level-treatment-centre.html