പൂനെ: ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് പൂനെയിലെ മാധ്യമ വിദ്യാര്‍ത്ഥി അടക്കം രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 2018ല്‍ ഐഎസിനുവേണ്ടി മനുഷ്യചാവേര്‍ ബോംബര്‍ ആവാന്‍ ശ്രമിച്ചെന്ന കേസിലുള്‍പ്പെട്ട പൂനെയിലെ വിദ്യാര്‍ത്ഥി സാദിയ അന്‍വര്‍ ഷെയ്ക്കിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. പൂനെയിലെ ഖോണ്ഡ്വ സ്വദേശി 27കാരനായ നബീല്‍ എസ്. ഖാത്രിയും പിടിയിലായിട്ടുണ്ട്.
ഇന്ത്യയില്‍ ഐഎസ് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി അബ്ദുല്ല ബസിത്തിനൊപ്പം ഗൂഢാലോചന നടത്തിയെന്നാരോപണമാണ് സാദിയക്കെനെതിരെയുള്ളത്. ബാരാമതിയിലെ മാസ് കമ്മ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ബാസിത് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. കശ്മീരി ദമ്പതികളായ ജഹാന്‍സായിബ് സമി വാനി, ഭാര്യ ഹിന ബഷീര്‍ ബീഗ് എന്നിവരുമായി ചേര്‍ന്ന് ഐഎസിനായി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നും സാദിയക്കെനെതിരെ ആരോപണമുണ്ട്. ഐഎസ് ആശയം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ദമ്പതികളെ ദില്ലി പോലീസ് ഈ വര്‍ഷം മാര്‍ച്ചില്‍ ദേശീയ തലസ്ഥാനത്തെ ഒഖ്ല പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മെസേജിംഗ് ആപ്പുകള്‍ വഴി ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചവരെയാണ് എന്‍ഐഎ പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താനായി ഇന്ത്യയിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യുന്നവരെ ഉപയോഗിച്ച് ഒരു ഭീകര സംഘത്തെ തന്നെ സജ്ജീകരിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും എന്‍ഐഎ വ്യക്തമാക്കി.

