ജോസ്.കെ മാണിയുടെ സമ്മർദ്ദതന്ത്രം യു ഡി എഫ് തളളിയതോടെ ജോസഫ് വിഭാഗത്തിന് ആശ്വാസവും ആവേശവും.

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കി. ഇതുസംബന്ധിച്ച പ്രഖ്യാപനം യുഡിഎഫ് മുന്നണി കണ്‍വീനര്‍ ബന്നി ബഹനാനാണു നടത്തിയത്. ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നതാണ് മുന്നണിയുടെ പൊതുവികാരം. ജോസ് കെ മാണിയെ തുടര്‍ന്നുള്ള മുന്നണി യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും തീരുമാനമെടുത്തു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും ജോസ് പക്ഷം സഹകരിച്ചില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ലാഭനഷ്ടമല്ല നോക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പലതവണ നിര്‍ദേശിച്ചിട്ടും അതു ചെയ്തില്ല. ധാര്‍മികമായ സഹകരണം ഉണ്ടായില്ല. പലതവണ സമവായ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല തുടങ്ങിയ കാരണങ്ങളാണ് പുറത്താക്കലിന് കാരണമായി പറയുന്നത്. ‘ജോസ് പക്ഷം യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. ഇത്തരത്തിലൊരു ധാരണ ഇല്ലെന്ന് തുടക്കംമുതല്‍ ജോസ് പക്ഷം വാദിച്ചു. പല തലത്തില്‍ പല സന്ദര്‍ങ്ങളില്‍ ചര്‍ച്ച നടത്തി. ആവശ്യത്തിലേറെ സമയവും നല്‍കി. മറ്റന്നാള്‍ നടക്കുന്ന യോഗത്തില്‍ ജോസ് പക്ഷത്തെ ക്ഷണിക്കില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച അവസാനവട്ട ചര്‍ച്ചകള്‍ നടക്കുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചിരുന്നു. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകാതെ പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ നിലപാട്. പ്രശ്‌നപരിഹാരത്തിനായി ജോസ് വിഭാഗം മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ജോസഫ് വിഭാഗം നിഷ്‌കരുണം തള്ളുകയും ചെയ്തു.

ചർച്ചകൾ പൂർണ്ണമായതായും, നിരവധി വേദികളിലെ ചർച്ചകൾ ഫലം കണ്ടില്ലന്നും മറ്റേതെങ്കിലും തരത്തിലുള്ള ഉന്നതതല ധാരണ ഉണ്ടായെങ്കിൽ മാത്രമേ തീരുമാനത്തിൽ മറ്റെന്തെങ്കിലും മാറ്റം ഉണ്ടാക്കൂ.വെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ സമദര്‍ശിയോട് പറഞ്ഞു.

മുന്നണിയില്‍നിന്നു പുറത്താക്കിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ജോസ് വിഭാഗം എംഎല്‍എ റോഷി അഗസ്റ്റിന്‍ പറഞ്ഞു. യു ഡി എഫിലെ എല്ലാ ധാരണകളും തങ്ങള്‍ പാലിച്ചു പോന്നിരുന്നു. ജനങ്ങളുടെ മനസില്‍നിന്നും ആര്‍ക്കും നമ്മെ പുറത്താക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് യോഗം ചേര്‍ന്നല്ല തങ്ങളെ പുറത്താക്കിയതെന്നും ഇതിനാല്‍ തീരുമാനം നിലനില്‍ക്കില്ലെന്നും ജോസ് വിഭാഗത്തെ ഒരു നേതാവ് പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സന്ദര്‍ഭത്തില്‍ യുഡിഎഫ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് ആത്മഹത്യാപരമായിപ്പോയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുമോയെന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ അന്തിമതീരുമാനം ആയിട്ടില്ല. ഇക്കാര്യത്തില്‍ സിപിഐയുടെ തീരുമാനം പോസിറ്റീവ് ആകുന്ന കാര്യം സംശയകരമാണ്. പിന്നെയുള്ളത് ബിജെപി മുന്നണിയിലേക്ക് പോകാന്‍ കഴിയുമോ എന്നുള്ളതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ജോസ് വിഭാഗം അതിനു മുതിരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അത്തരത്തില്‍ ഒരു മുന്നണിമാറ്റം ഉണ്ടായാല്‍ പള്ളിയുടെ സപ്പോര്‍ട്ട് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന പൊതുവികാരമാണ് ജോസ് വിഭാഗത്തിലെ നേതാക്കള്‍ക്കുള്ളത്. അതേസമയം വൈകീട്ട് നാലുമണിക്ക് ജോസ് കെ മാണി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →