മിസൈലുകള്‍ വിന്യസിച്ച് ഇന്ത്യ ആകാശസുരക്ഷ ഒരുക്കുന്നു, ചൈനീസ് അതിര്‍ത്തിയില്‍ സ്ഥിതി കൂടുതല്‍ വഷളാവുന്നു

ന്യൂഡല്‍ഹി: ഇന്ത്യ അത്യാധുനിക മിസൈലുകള്‍ വിന്യസിച്ച് ചൈനയുമായുള്ള അതിര്‍ത്തിയില്‍ ആകാശ സുരക്ഷ ഒരുക്കുന്നു. പാഗോങ് തടാകക്കരയിലെ പി നാലില്‍ ചൈന ഹെലിപാഡ് നിര്‍മിച്ചതിനെ തുടര്‍ന്നാണ് ഈ പ്രത്യേക സാഹചര്യം രൂപം കൊണ്ടത്. ആകാശലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് മിസൈലുകളാണ് ഇന്ത്യ വിന്യസിച്ചിട്ടിള്ളത്. ഇന്ത്യയുടെ പട്രോളിങ് പോസ്റ്റായ പിപി 14ന് അപ്പുറമാണ് ചൈനയുടെ ഹെലിപാഡ് നിര്‍മാണം.

ഇതിനിടെ, ഇന്ത്യ സൈന്യത്തിന് ഓപ്പറേഷണല്‍ അലര്‍ട്ട് നല്‍കിയത് അതിര്‍ത്തിയിലെ സാഹചര്യം ഗുരുതരമാവുന്നതിന്റെ സൂചനയായാണ് വിലയിരുത്തല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ചൈന സ്റ്റഡി ഗ്രൂപ്പ് ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയും ചെയ്തു. പാംഗോങ് തടാകത്തിന്റെ തെക്കന്‍തീരത്ത് ചൈന സൈനികരുടെ എണ്ണം അതിവേഗം കൂട്ടുകയാണ്. വടക്കന്‍തീരം കേന്ദ്രീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും അവര്‍ സജീവമാക്കിയിട്ടുണ്ട്.

ഇതിനുപുറമേ തെക്ക് ചുഷൂലില്‍ കടന്നുകയറാനുള്ള ശ്രമവുമുണ്ട്. എട്ടാം മലനിരയിലൂടെയാണ് നിയന്ത്രണരേഖ കടന്നുപോകുന്നതെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. പി രണ്ടുവരെ തങ്ങളുടെ ടെറിട്ടറി ആണെന്നാണ് അവരുടെ അവകാശവാദം. പി മൂന്നിനും നാലിനുമിടയ്ക്ക് ദുര്‍ഘടമായ ഒറ്റയടിപ്പാത മാത്രമേയുള്ളൂ. ഫിംഗര്‍ മൂന്നിനടുത്താണ് ഇന്ത്യയുടെ ക്യാംപ്. പി നാലിലുള്ള താവളത്തിനടുത്തുവരെ സൈനികരെ വിന്യസിച്ചിട്ടുണ്ട്. മുഖാമുഖം നില്‍ക്കുന്ന സൈന്യങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്റര്‍ മാത്രമാണ് ഇവിടെ.

സിന്‍ജിയാങ്ങിലെ ഹോതാന്‍ താവളത്തില്‍ ചൈനീസ് വ്യോമസേന അത്യാധുനിക പോര്‍വിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനെതിരേ സുഖോയ്- 30, മിറാഷ്- 2000, ജാഗ്വാര്‍ എന്നിവയുടെ നാലുവീതം സ്‌ക്വാഡ്രണുകളാണ് ഇന്ത്യ വിന്യസിച്ചിരുന്നത്. ലഡാക്ക് മേഖലയില്‍ നേരത്തേയുണ്ടായിരുന്ന നാല് ആകാശ് മിസൈല്‍ യൂണിറ്റുകള്‍ക്കു പുറമേ ആറെണ്ണം കൂടി വിന്യസിച്ചു. പോര്‍വിമാനങ്ങളും ഡ്രോണുകളും തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് മിസൈലുകള്‍ക്കു പുറമേ, ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ റഡാര്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് ചൈനയോട് ഇന്ത്യ ആവര്‍ത്തിച്ചു. റോഡ്, പാലം എന്നിവയുടെ നിര്‍മാണം തുടരുന്ന ഇന്ത്യ നല്‍കുന്ന സന്ദേശം വ്യക്തമാണ്. ആകാശമാര്‍ഗത്തിലൂടെ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യ ഒരുക്കുന്നത്. യുദ്ധസന്നാഹമൊരുക്കാനുള്ള പൊതുനിര്‍ദേശത്തിനു പുറമേ സൈന്യത്തിന് ഓപ്പറേഷണല്‍ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തിനു മുന്നോടിയായും പുല്‍വാമ ആക്രമണത്തിനു തിരിച്ചടി നല്‍കുന്നതിനു മുമ്പുമാണ് സമീപകാലത്ത് ഓപ്പറേഷണല്‍ അലര്‍ട്ട് നിര്‍ദേശം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →