ന്യൂഡല്‍ഹി: ലോകത്തെ വിറപ്പിക്കുന്ന നോവല്‍ കൊറോണ വൈറസിനെ തുരത്താന്‍ പുതിയ മാര്‍ഗങ്ങളുമായി പശ്ചിമബംഗാള്‍. കടുകെണ്ണയും ചൂടുള്ള നാരങ്ങാവെള്ളവും ഉപയോഗിച്ചാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. ബംഗാളിലെ ഒരൂകൂട്ടം പൊലീസുകാരാണ് കൊറോണയെ തുരത്താനായി പുതിയ മാര്‍ഗം കണ്ടുപിടിച്ചത്. ഉത്തരബംഗാളിലെ സിലിഗുരി പൊലീസ് കമ്മീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഈ പരീക്ഷണം പലര്‍ക്കും വിജയകരമായിരുന്നുവെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിച്ചെന്നും ഇവര്‍ പറയുന്നു.
നിത്യവും ഭക്ഷണം പാകംചെയ്യുമ്പോള്‍ കടുകെണ്ണയുടെ ഉപയോഗം കൂട്ടുകയും ചൂടുള്ള നാരങ്ങാവെള്ളം ദിവസം ചുരുങ്ങിയത് നാല് തവണയെങ്കിലും കുടിക്കുകയും ചെയ്താല്‍ കൊറോണ വൈറസ് പമ്പകടക്കുമെന്നാണ് ഇവര്‍ പറയുന്നത്. കമ്മീഷണറേറ്റിലെ ഒരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഭാര്യക്കും ഒരു കോണ്‍സ്റ്റബിളിനും ഈ രീതിയിലൂടെ കൊവിഡ് മുക്തമായെന്നും ഇവര്‍ അവകാശപ്പെടുന്നു. കൊവിഡിന് താന്‍ മരുന്ന് കണ്ടെത്തിയതായി പ്രസിദ്ധ യോഗാചാര്യന്‍ ബാബാ രാംദേവ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. 360 രൂപയുടെ മരുന്നുകഴിച്ചാല്‍ രോഗം പൂര്‍ണമായി ഭേദമാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.