തൃശൂര്‍: വടക്കാഞ്ചേരി പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുവശങ്ങളിലും മുളയും മറ്റ് പുഴയോര സസ്യങ്ങളും നട്ടു. തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുഴയുടെ ഒമ്പതര കിലോമീറ്ററോളം തീരത്താണ് മുള വളര്‍ത്തുന്നത്. ജനകീയ കൂട്ടായ്മയുടെ കരുത്തില്‍ പുഴയെ തിരിച്ചുപിടിച്ച നഗരസഭയുടെ പ്രവൃത്തി പോലെ മാതൃകാപരമാണ് പുഴയെയും പരിസ്ഥിതിയെയും ഒന്നിച്ച് സംരക്ഷിക്കുന്ന ജൈവവേലി നിര്‍മ്മിതിയെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പുഴയുടെ ഇരുവശങ്ങളും അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം തിരിച്ചുപിടിച്ച സ്ഥലങ്ങളിലാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്.
വന ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ വകയിരുത്തി യിട്ടുണ്ട്. അനില്‍ അക്കരെ എംഎല്‍എ, നഗരസഭാ വൈസ് ചെയര്‍മാന്‍ എം ആര്‍ സോമ നാരായണന്‍, എം ആര്‍ അനൂപ് കിഷോര്‍, ശ്യാം വിശ്വനാഥ്, അജിത് കുമാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5511/Planting-bamboo-to-save-river.html