ന്യൂഡല്‍ഹി: ആല്‍പ്‌സ് പര്‍വതശിഖരത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ഹിമപാളികള്‍ക്ക് മുകളില്‍ ടാര്‍ പോളിന്‍ ഷീറ്റുകള്‍ സ്ഥാപിച്ച് ഇറ്റലിയിലെ പരിസ്ഥിതി സംരക്ഷകര്‍. ആഗോളതാപനം മൂലം മഞ്ഞുപാളികള്‍ ഉരുകുന്നത് തടയാനാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. പ്ലാന്‍പിന്‍സ്യൂക്‌സ് മഞ്ഞുപാളിയാണ് ഇവര്‍ സംരക്ഷിക്കുന്നത്. ആറാഴ്ചയെടുത്താണ് ഒരുലക്ഷം സ്‌ക്വയര്‍ മീറ്റര്‍ ഹിമപാളി സംരക്ഷിക്കാന്‍ ടാര്‍പോളിന്‍ ഇട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞരുകലിന്റെ വേഗത കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പരിസ്ഥിതി സംരക്ഷകര്‍ കരുതുന്നത്.
ശൈത്യകാലത്തൊഴികെയുള്ള സമയങ്ങളില്‍ ഇറ്റലിയലെ വലിയൊരു മേഖലുടെ ജലസ്രോതസ്സാണ് പ്ലാന്‍പിന്‍സ്യൂക്‌സ് മഞ്ഞുപാളി. അതുകൊണ്ട് തന്നെ മഞ്ഞുപാളി തകര്‍ന്നാല്‍ അത് ഒരു പക്ഷേ ഇറ്റലിയിലെ ജലലഭ്യതയില്‍ തന്നെ കുറവ് വരുത്തുമെന്നാണു കണക്കു കൂട്ടുന്നത്. അതേസമയം ഇപ്പോഴും ഈ മഞ്ഞുപാളി തകരുമെന്ന് ഉറപ്പിച്ചു പറയാന്‍ ഗവേഷകര്‍ തയാറല്ല. താപനിലയില്‍ വൈകാതെ കുറവുണ്ടായാല്‍ ഒരു പക്ഷേ മഞ്ഞുപാളി തെന്നി നീങ്ങുന്നതിന്റെ വേഗത കുറഞ്ഞേക്കാമെന്നും ഇതുവഴി തകര്‍ച്ച ഒഴിവാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
ഇക്കുറി യൂറോപ്പിലുണ്ടായ ചൂടുകാറ്റ് ആല്‍പ്‌സ് മേഖലയിലെ മഞ്ഞുപാളികളെ ആകെ ദുര്‍ബലമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവയിലൊന്ന് വൈകാതെ തകര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നത്. ഗ്രാന്‍ഡ് ജൊറാസിസ് എന്ന കൊടുമുടിയുടെ ഭാഗമായ പ്ലാന്‍പിന്‍സ്യൂക്‌സ് മഞ്ഞുപാളിയാണ് ഏത് നിമിഷവും തകര്‍ന്നു വീണേക്കാമെന്ന അവസ്ഥയിലെത്തിയത്. ആല്‍പ്‌സിലെ മൗണ്ട് ബ്ലാങ്ക് എന്നു വിളിക്കുന്ന പ്രദേശത്തിന്റെ ഭാഗമാണ് ഈ കൊടുമുടി.
സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലായാണ് മൗണ്ട് ബ്ലാങ്ക് പര്‍വത മേഖല സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഇറ്റാലിയന്‍ മേഖലയിലേക്കാകും മഞ്ഞുപാളി ഉരുകി നിലംപതിക്കുക. ആല്‍പ്‌സിലെ തന്നെ ഏറ്റവും വലുപ്പമേറിയ മഞ്ഞുപാളികളില്‍ ഒന്നാണ് പ്ലാന്‍പിന്‍സ്യൂക്‌സ്. അതുകൊണ്ട് തന്നെ ഈ മഞ്ഞുപാളി നിലംപൊത്തുന്നത് താഴ്‌വരയെ ഏതാണ്ട് പൂര്‍ണമായും തന്നെ തകര്‍ത്തേക്കുമെന്നാണു കരുതുന്നത്.
കഴിഞ്ഞ വര്‍ഷമാണ് രാജ്യാന്തര ഗവേഷകരുടെ സംഘം ഉള്‍പ്പടെയുള്ളവര്‍ പ്ലാന്‍പിന്‍സ്യൂക്‌സ് മഞ്ഞുപാളി തെന്നി നീങ്ങാന്‍ തുടങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. വൈകാതെ തന്നെ ഈ മഞ്ഞുപാളിയുടെ വേഗത വര്‍ധിക്കുന്നതും ഇവര്‍ രേഖപ്പെടുത്തി. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള ഗവേഷക സംഘവും, ഇറ്റാലിയിലെ ഗവേഷകരും ഈ നിരീക്ഷണങ്ങള്‍ ശരിവച്ചു. ഈ സാഹചര്യത്തിലാണ് മഞ്ഞുപാളി സംരക്ഷിക്കാന്‍ പരിസ്ഥിതി സംരക്ഷകര്‍ ശ്രമം ആരംഭിച്ചത്.

