ഇടുക്കി: മാട്ടുപ്പെട്ടിയിലെ പ്രശസ്തമായ ഇൻഡോ സ്വിസ് പ്രൊജക്റ്റിന്റെ ബാക്കിയായ കന്നുകാലി സംരക്ഷണ കേന്ദ്രത്തിന് തിരശ്ശീല വീഴുകയാണ്. ഭൂമിയുടെ ഒരു ഭാഗം ആനത്താര ആണ് എന്ന് പ്രഖ്യാപിച്ച് ഭൂമി വനംവകുപ്പ് സ്വന്തമാക്കി. ഇവിടെ കന്നുകാലി സംരക്ഷണ കേന്ദ്ര അധികൃതർ സ്ഥാപിച്ചിരുന്ന വേലി നീക്കംചെയ്തു.
കേരളത്തിലെ ക്ഷീര വിപ്ലവത്തിന് തിരികൊളുത്തിയത് മാട്ടുപ്പെട്ടിയിലെ ഇൻഡോ സ്വിസ് പ്രോജക്ടിൽ നിന്നായിരുന്നു. റവന്യൂ വകുപ്പിൻറെ അധീനതയിലുള്ള പ്രദേശത്താണ് പ്രോജക്ട് സ്ഥാപിച്ചത്. കെ എൽ ഡി എം എം ബോർഡിൻറെ നിയന്ത്രണത്തിലാണ് പ്രോജക്ട് ഓഫീസും പരിസര കൃഷിഭൂമികളും. പരിസ്ഥിതി സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ പേരിൽ പെട്ടെന്ന് വേലി പൊളിച്ച് ഭൂമി കൈയടക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത് . ആനത്താര എന്ന ബോർഡും വനംവകുപ്പ് സ്ഥാപിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മുമ്പിൽ കൃഷിവകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നിശബ്ദരായി നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളു.
തേക്കടി മുതൽ മൂന്നാർ ഇരവികുളം നാഷണൽ പാർക്കും ഉൾപ്പെടുത്തി ചിന്നാർ വന്യജീവി കേന്ദ്രത്തെ ബന്ധിപ്പിച്ച് വിപുലമായ ആനത്താര പദ്ധതിയാണ് വനം വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. മതികെട്ടാൻ വന്യജീവികേന്ദ്രത്തേയും ഇരവികുളം നാഷണൽ പാർക്കിനേയും ബന്ധിപ്പിച്ചുകൊണ്ട് ഏഴ് വില്ലേജുകളെ ഉൾപ്പെടുത്തി, ആനത്താര പദ്ധതിയുടെ ഒരു ഘട്ടം നടപ്പാക്കിവരികയാണ്. ഇതിൻറെ ഭാഗമായി 7 വില്ലേജുകളിൽ നിർമാണ നിരോധനം നിലവിൽ വന്നു കഴിഞ്ഞു. ആനത്താരയ്ക്കൊപ്പം ചിന്നക്കനാൽ വില്ലേജിൽ ആന പാർക്കും സ്ഥാപിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി ആദിവാസികൾക്ക് വിതരണം ചെയ്ത പട്ടയ ഭൂമി അക്വയർ ചെയ്യുവാനുള്ള നടപടികൾ നീങ്ങി വരികയാണ്. ചിന്നക്കനാലിൽ കർഷകരുടെ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പും വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും, മുന്നിൽ ഉള്ളത് കൊണ്ട് പദ്ധതി പരസ്യമായി നടപ്പാക്കുന്നത് മയപ്പെടുത്തി ഇരിക്കുകയാണ്. എന്നാൽ ജനങ്ങളുടെ ഇടപെടൽ ഉണ്ടാകാൻ ഇടയില്ലാത്ത പ്രദേശങ്ങളിൽ ആനത്താര വികസനം നടന്നുകൊണ്ടിരിക്കുന്നു എന്നാണ് കെ എൽ ഡി. എം.എം ബോർഡ് വക സ്ഥലത്തിൻറെ വേലി പൊളിച്ച് , ആനത്താര എന്ന് ബോർഡ് സ്ഥാപിച്ച്, ഭൂമി സ്വന്തമാക്കിയത് വ്യക്തമാകുന്നത്.
ചിന്നക്കനാലിൽ ആദിവാസികളുടെ പട്ടയ ഭൂമിയിലും കൃഷിക്കാരുടെ കൈവശ ഭൂമിയിലും ആനത്താര, നാഷണൽ പാർക്ക് തുടങ്ങിയ ബോർഡുകൾ ഗ്രാമീണ വന്യജീവി വിഭാഗത്തിനായി വ്യാപകമായി സ്ഥാപിച്ചിരുന്നു. ഈ പ്രദേശങ്ങളെല്ലാം മുൻപ് തന്നെ വന്യജീവി സംരക്ഷണ വകുപ്പിന്റെ ഭാഗമാണ് എന്ന് സർക്കാർ രേഖകളിൽ സ്ഥാപിക്കുന്ന നടപടിയാണിത്.
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമിയും പുനരധിവാസവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് ആവർത്തിക്കുന്നുണ്ട്. എന്നാൽ ഭൂമിയും പട്ടയവും നൽകി കുടിയിരുത്തിയ ആദിവാസികളെ അവിടെ നിന്ന് ഒഴിവാക്കി ആനത്താവളം സൃഷ്ടിക്കുന്ന ജോലിയിലാണ് വനംവകുപ്പ്. ആദിവാസി ക്ഷേമ വകുപ്പ് നടപ്പാക്കിയ പുനരധിവാസഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന വനംവകുപ്പ് മാട്ടുപ്പെട്ടിയിൽ കൃഷി മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൻറെ ഭൂമിയിലെ വേലി പൊളിച്ച് ആനത്താര ആക്കിയിരിക്കുകയാണ്.
കാലാന്തരത്തില്‍ ഇത് വന്യജീവി സംരക്ഷണ കേന്ദ്രമായി മാറും. എന്തെന്നാല്‍ ആന പാര്‍ക്കും ആനത്താരയും വന്യജീവിസംരക്ഷണകേന്ദ്രം ആണ് ഇതുസംബന്ധിച്ച നിയമപ്രകാരം. ഇതേ നിയമം അനുസരിച്ച് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ പുറത്തെ അതിരില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം റിസര്‍വ് വനമാണ്. ചുരുക്കത്തില്‍ ആനത്താര ആണെന്ന് വരുത്തിയതോടുകൂടി ഭൂമി വനംവകുപ്പിന്റേത് ആയിക്കഴിഞ്ഞു. ഇനി എന്ത് കൃഷി? എന്ത് കന്നുകാലി? എന്ത് കൃഷിവകുപ്പ്?