കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വന്ന 10.4 ലക്ഷം തൊഴിലാളികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1000 രൂപ വീതം അക്കൗണ്ടിലിട്ട് നല്‍കി.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് വ്യാപക അടച്ചുപൂട്ടലുകള്‍ നടത്തി വരുന്നതിനിടെയാണ് യുപി സര്‍ക്കാരിന്റെ നടപടി. താല്‍ക്കാലിക ആശ്വാസമെന്ന നിലയിലാണ് പണം നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ധനസഹായം തൊഴിലാളികള്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍ക്ക് സഹയകരമാകുമെന്ന് യോഗി പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്.
നേരത്തെ,ദിവസ വേതന തൊഴിലാളികള്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദുരിതമനുഭവിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് സഹായമെത്തിച്ച്, ഗ്രാമീണ ഇന്ത്യയില്‍ പാര്‍ട്ടിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്. ശ്രമം നടത്തുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടിയെന്നത് ശ്രദ്ധേയമാണ്.
യുപിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധിയും സജീവമായി രംഗത്തുണ്ട്.. തൊഴിലാളികളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൈവിട്ടെന്ന ആക്ഷേപം തുടര്‍ച്ചയായി ഉന്നയിക്കുന്നതിലൂടെ ബിജെപിയെ രാഷ്ട്രീയമായി നേരിടുകയാണു പ്രിയങ്ക. ബിഎസ്പിയും എസ്പിയും വിഷയത്തില്‍ സജീവമല്ലാത്തതും അവസരമായി കാണുന്നു.