സെമിത്തേരി മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് പള്ളിയില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്

വെള്ളരിക്കുണ്ട്: സെമിത്തേരിയുടെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് പള്ളിയില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്കു പരിക്ക്. പള്ളിമുറ്റത്ത് അതിക്രമിച്ചുകയറിയ സംഘം കൈക്കാരനെ ആക്രമിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

വികാരിയുടെ അനുവാദമില്ലാതെ സെമിത്തേരിയുടെ പ്രവേശന കവാടത്തിനു മുന്നില്‍ ഒരുവിഭാഗം നിര്‍മിച്ച മതില്‍ കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയതുമായി ബന്ധപെട്ടാണ് സംഘര്‍ഷം അരങ്ങേറിയത്. വികാരി ഫാ. ആന്റണി തെക്കേമുറിയെ മതില്‍ പൊളിച്ചതിന്റെ പ്രതിഷേധം അറിയിക്കാനെത്തിയ 40ഓളം പേരുടെ സംഘം വികാരിയുടെ മുറിയില്‍ അതിക്രമിച്ചു കയറുകയും കൈക്കാരനെ മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ കൈക്കാരന്‍ ക്രൈസ്റ്റ് ജോണിയെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘടിച്ചെത്തിയ സംഘം പള്ളിമുറിക്കകത്ത് അക്രമം നടത്തുമ്പോള്‍ വികാരി ഫാ. ആന്റണി തെക്കേമുറി സ്ഥലത്തുണ്ടായിരുന്നില്ല. കൈക്കാരന്‍ ജോണിയുടെ പരാതിപ്രകാരം ഇലവുംകുന്നേല്‍ മത്തായി, പനച്ചിക്കല്‍ സെബാസ്റ്റ്യന്‍, വെള്ളിന്‍കുന്നേല്‍ ബേബി, ചെമ്പരത്തി ബേബി, മണിയങ്ങാട്ടു പാപ്പന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരേയും വെള്ളരിക്കുണ്ട് പൊലീസ് കേസ് എടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →